Breaking

Tuesday, September 28, 2021

മൃതദേഹത്തിനരികെ ജസ്റ്റിന്റെ പിഞ്ചുമക്കള്‍; ആസ്പത്രി സ്‌ട്രെച്ചറില്‍ കിടന്ന് യാത്രാ മൊഴിചൊല്ലി ജിനി

ഉളിക്കൽ: ആസ്പത്രി സ്ട്രെച്ചറിൽ കിടന്ന് ജിനി പ്രിയതമനെ അവസാനമായി ഒരുനോക്കുകണ്ടു. മൂകമായ ഭാഷയിൽ ജസ്റ്റിൻ യാത്രപറഞ്ഞു. പെരിങ്കരിയിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം തിങ്കളാഴ്ച ചികിത്സയിൽ കഴിയുന്ന ഭാര്യ ജിനിയെ കാണിക്കാൻ കണ്ണൂരിലെ മിംസ് ആസ്പത്രിയിൽ കൊണ്ടുവന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ഇത്. അതുവരെ ജസ്റ്റിൻ വേറെ ആസ്പത്രിയിലാണെന്നും പരിക്ക് ഗുരുതരമാണെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുകയായിരുന്നു ജിനിയെ. ചൊവ്വാഴ്ചയാണ് സംസ്കാരം. ചികിത്സയിൽ കഴിയുന്ന ജിനിക്ക് അതിൽ പങ്കെടുക്കാനാകില്ല. അതിനാൽ ബന്ധുക്കൾ കൂടിയാലോചിച്ച് കാണാൻ അവസരമൊരുക്കുകയായിരുന്നു. അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വീട്ടിലേക്ക് വരണമെന്ന് ജിനി നിർബന്ധം പിടിച്ചെങ്കിലും ഡോക്ടർമാരുടെയും ബന്ധുക്കളുടെയും സമ്മർദത്തിന് വഴങ്ങുകയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പരിശോധന കഴിഞ്ഞ് ധനലക്ഷ്മി ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. വൈകുന്നേരത്തോടെ മൂത്ത സഹോദരൻ ജോജുവും മാതാപിതാക്കളും താമസിക്കുന്ന പെരിങ്കരിയിലെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച 11-ന് പെരിങ്കരി സെയ്ന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കരിക്കും. ഞായറാഴ്ച ഈ പള്ളിയിലേക്ക് ജിനിക്കൊപ്പം ബൈക്കിൽ പുറപ്പെട്ടപ്പോഴാണ് കാട്ടാന ആക്രമിച്ചത്. വീട്ടിലെത്തിച്ച മൃതദേഹത്തിനരികെ ജസ്റ്റിന്റെ പിഞ്ചുമക്കൾ ഇരുന്നത് എല്ലാവരുടെയും കണ്ണുനനയിച്ചു. എം.എൽ.എ.മാരായ കെ.കെ. ശൈലജ, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം നൽകും ജസ്റ്റിൻ തോമസിന്റെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ സഹായധനം നൽകും. ഇതിന്റെ ആദ്യ ഗഡുമായി അഞ്ചുലക്ഷം രൂപ ഉടൻ അനുവദിക്കും. ആനയുടെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജസ്റ്റിന്റെ ഭാര്യ ജിനിയുടെ ചികിത്സാസഹായവും ഉടൻ അനുവദിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3AOQ6rl
via IFTTT