Breaking

Tuesday, September 28, 2021

കനയ്യ കുമാറും ജിഗ്നേഷ് മെവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും

ന്യൂഡൽഹി: ജെ.എൻ.യു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും. വൈകീട്ട് മൂന്നിന് ഡൽഹി എഐസിസി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസിൽ ചേരുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഭഗത് സിങ്ങിന്റെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 28ന് കോൺഗ്രസ് പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു. ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ ജിഗ്നേഷ് മേവാനിയെ കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ശക്തരായ യുവ നേതാക്കളില്ലാത്ത പാർട്ടിയിൽ കനയ്യകുമാറിന്റെ വരവ് ബീഹാറിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തിൽ ഗുണമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. പാർട്ടിയിലെ തന്റെ സ്ഥാനം സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കനയ്യ കുമാർ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാർ പാർട്ടിയിൽ അതൃപ്തനായിരുന്നു. ഇതാണ് കോൺഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്. നേരത്തെ പഞ്ചാബിലെ നേതൃമാറ്റത്തിൽ അടക്കം കോൺഗ്രസിനെ പ്രശംസിച്ചുകൊണ്ട് ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തിൽ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോൺഗ്രസ് കരുതുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. മേവാനി മത്സരിച്ച വഡ്ഗാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3ia1bf2
via IFTTT