എടപ്പാൾ: സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങൾ പാലിക്കാത്തതതിനാൽ അപകടങ്ങളിൽപ്പെടുന്ന അതിഥിത്തൊഴിലാളികൾക്ക് അർഹമായ നഷ്‌ടപരിഹാരം ലഭിക്കാതാവുന്നു. ദേശീയപാത സർവേയ്ക്കെത്തിയ ആന്ധ്രാപ്രദേശുകാരൻ ഫനീന്ദ്രയെ കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽവീണു കാണാതായ സംഭവം ഇത്തരം തൊഴിൽ നിയമലംഘനങ്ങളിലേക്കു വെളിച്ചംവീശുന്നു.വൻകിട കമ്പനികളടക്കം പലരും തൊഴിൽനിയമങ്ങൾ പാലിക്കുന്നില്ലെന്ന് ലേബർ ഓഫീസ് അധികൃതർതന്നെ പറയുന്നു. അതിഥിത്തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ തിരിച്ചറിയൽകാർഡടക്കമുള്ള രേഖകൾ ശേഖരിച്ച് പോലീസിൽ റിപ്പോർട്ടുനൽകണം. ജോലിക്ക് നിയോഗിക്കുമ്പോൾ ഇ.എസ്.ഐ.യോ അപകട ഇൻഷുറൻസോ ഉറപ്പാക്കണം. എന്നാൽ ഇതൊന്നും പലരും പാലിക്കുന്നില്ല.നേരത്തേ കോവിഡ് കാലത്ത് അതിഥിത്തൊഴിലാളികളുടെ കണക്കെടുക്കാൻ തൊഴിൽ വകുപ്പ് സർവേ നടത്തി. ഉള്ളതിന്റെ പകുതിയിൽതാഴെ മാത്രമാണു കണ്ടെത്താനായത്. പല കമ്പനികളും ഉള്ളതിന്റെ വളരെ കുറച്ചുപേരെ മാത്രമാണ് രേഖയിൽ കാണിക്കുന്നതും ആനുകൂല്യങ്ങൾ നൽകുന്നതും. ഇതുമൂലമാണ് ഇവർ മരിച്ചാൽപോലും വീട്ടുകാർക്ക് അർഹമായ ആനുകൂല്യങ്ങളൊന്നും കിട്ടാതെപോകാൻ കാരണം.ദിവസം പത്തുരൂപയിൽ താഴെ കൂലിയിൽനിന്നു പിടിച്ചോ ഉടമ മുടക്കിയോ അടയ്ക്കാവുന്ന ഇൻഷുറൻസ് പദ്ധതികളുണ്ട്. വർഷത്തിൽ 300 രൂപയടച്ചാൽ പത്തുലക്ഷം രൂപവരെ അപകട ഇൻഷുറൻസായി ലഭിക്കുന്നവയുണ്ടെന്ന് ഇൻഷുറൻസ് രംഗത്തുള്ളവർ പറയുന്നു. വലിയ ആശ്വാസമാകുന്ന ഇത്തരം പദ്ധതികളെങ്കിലും തൊഴിലുടമകൾ പാലിക്കാൻ തയ്യാറാകണമെന്ന ആവശ്യമാണുയരുന്നത്.മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 രൂപഅതിഥിത്തൊഴിലാളികൾ ജോലിക്കിടയിൽ അപകടത്തിൽ മരിച്ചാൽ മൃതശരീരം നാട്ടിലെത്തിക്കാൻ ലേബർ ഓഫീസിൽ അപേക്ഷനൽകിയാൽ 50,000 രൂപ നൽകാൻ നിയമമുണ്ട്. മറ്റുകാര്യങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തീകരിച്ചവരാണെങ്കിൽ ഇൻഷുറൻസ് പരിരക്ഷയടക്കം ലഭിക്കും. തൊഴിലിടങ്ങളിൽ താലൂക്ക് ലേബർ ഓഫീസർക്ക് പരിശോധന നടത്താനും നിയമം പാലിക്കാത്തവർക്കെതിരേ നടപടിയെടുക്കാനും അധികാരമുണ്ട്. -ജില്ലാ ലേബർ ഓഫീസ് അധികൃതർ
from mathrubhumi.latestnews.rssfeed https://ift.tt/3zH5chd
via
IFTTT