Breaking

Saturday, September 25, 2021

ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം: ഐ.ബി.യുടെ മോക്ഡ്രില്ലാണോയെന്നു സംശയം

തിരുവനന്തപുരം: പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്പെയ്‌സ് സെന്ററിൽ അജ്ഞാതനെ കണ്ടെന്ന പരാതിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി പോലീസ് ബ്രഹ്മോസിന്റെ പരിസരം മുഴുവൻ പരിശോധന നടത്തിയിരുന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയും പരിശോധനയിൽ പങ്കെടുത്തു. പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോമ്പൗണ്ടിനുള്ളിൽ അപരിചിതൻ നുഴഞ്ഞുകയറിയെന്നതിനു തെളിവൊന്നും പോലീസിനു ലഭിച്ചിട്ടില്ല. അജ്ഞാതനെ കണ്ടുവെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാത്രമാണ് മൊഴിനൽകിയിട്ടുള്ളത്. സി.സി. ടി.വി. ദൃശ്യങ്ങളിൽ അപരിചിതരെ കണ്ടെത്താനായിട്ടില്ല. കമ്പനിയിൽ പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായയും സ്ഥലം സന്ദർശിച്ചിരുന്നു. ബ്രഹ്മോസിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. സമീപവാസികളുടെ മൊഴികൾ രേഖപ്പെടുത്തി. ഇതുവഴി കടന്നുപോയ വാഹനങ്ങളുടെയും വിവരം ശേഖരിക്കുന്നുണ്ട്. കൂടാതെ മൊബൈൽ രേഖകളും പരിശോധിച്ചു തുടങ്ങി.ഉച്ചയ്ക്ക് ഒന്നരയ്ക്ക് അജ്ഞാതനെ കണ്ടെന്ന പരാതി വൈകീട്ട് 6.30-ഓടെയാണ് പേട്ട പോലീസിനു ലഭിക്കുന്നത്. ഐ.ബി.ക്കു കൊടുത്ത കത്തിന്റെ പകർപ്പാണ് പോലീസിനും നൽകിയത്. വിവരമറിഞ്ഞപ്പോൾത്തന്നെ പോലീസ് സംഘം ബ്രഹ്മോസിലെത്തി പരിശോധന തുടങ്ങി. സംഭവം ഐ.ബി.യുടെ മോക്‌ഡ്രില്ലാണോയെന്ന സംശയം പോലീസിനുമുണ്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും ഇതായിരുന്നു. ഐ.ബി. തിരുവനന്തപുരം ജോയന്റ് ഡയറക്ടർ വ്യാഴാഴ്ച ബ്രഹ്മോസ് സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് അപരിചിതനെ കണ്ടുവെന്ന പരാതിയുയർന്നത്. ബ്രഹ്മോസിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് ഐ.ബി. ഉദ്യോഗസ്ഥർ കമ്പനി ജീവനക്കാരുമായി സംസാരിച്ചിരുന്നു. ബ്രഹ്മോസ്-ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥരുടെ പ്രധാന യോഗവും വ്യാഴാഴ്ച നടന്നിരുന്നു. ഈ കെട്ടിടത്തിനു സമീപം അപരിചിതനെ ബാഗുമായി കണ്ടെന്നായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതി. ബ്രഹ്മോസിന്റെ സുരക്ഷ അത്ര ശക്തമല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തന്ത്രപ്രധാനമായ ഒരു സ്ഥാപനത്തിൽ പ്രധാന ഗേറ്റിലും കാന്റീനിലും മാത്രമാണ് സി.സി. ടി.വി. ക്യാമറയുള്ളത്‌. സ്വകാര്യ സ്ഥാപനത്തിനാണ് സുരക്ഷാച്ചുമതല. വിശാലമായ കാമ്പസിന്റെ സുരക്ഷയ്ക്ക് ഏതാനും ജീവനക്കാരാണുള്ളത്. ചില മതിൽക്കെട്ടുകളുടെ വേലി ദുർബലമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3zHxZC2
via IFTTT