തിരൂരങ്ങാടി: ഒരുമാസംമാത്രം പ്രായമായ ഒരു കുഞ്ഞുജീവൻ റോഡിൽ പൊലിഞ്ഞു. ഹർത്താൽദിനത്തിൽ, മഴപെയ്തു നനഞ്ഞുകുതിർന്ന റോഡിൽ ദേശീയപാതയിലെ കോഴിച്ചെനയിൽ തിങ്കളാഴ്ച രാവിലെ 10.45നാണ് അപകടം. കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ മാതാവും പിതാവുമടക്കം മൂന്നുപേർക്ക് പരിക്കേറ്റു. മൂന്നിയൂർ കുന്നത്തുപറമ്പ് കളത്തിങ്ങൽപാറയിലെ വടക്കെപുറത്ത് റഷീദിന്റെ മകൾ ആയിശയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. പ്രസവത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന മാതാവിനെ ചുള്ളിപ്പാറയിലെ വീട്ടിൽനിന്ന് ചികിത്സാർഥം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശയിൽനിന്നു വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് റഷീദി (30) നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് മുബശിറ (22), പ്രസവശുശ്രൂഷയ്ക്കായി വീട്ടിലുണ്ടായിരുന്ന അടൂർ സ്വദേശി റജീന (45) എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3m98K7f
via
IFTTT