Breaking

Wednesday, September 22, 2021

ശബരിമല വിമാനത്താവളം: പറന്നുയരാന്‍ വേണം കേന്ദ്ര പിന്തുണ

ശബരിമല വിമാനത്താവളവിഷയത്തിലും നിർണായകം കേന്ദ്രസർക്കാർ നിലപാട്. ശബരിമലയുടെ പ്രാധാന്യംകൊണ്ട് തന്നെ പദ്ധതിക്ക് അനുമതി കിട്ടുമെന്നാണ് സംസ്ഥാനം കരുതുന്നത്.വർഷം മൂന്ന് കോടി വരെ തീർഥാടകർ എത്തിച്ചേരുന്ന ശബരിമലയുടെ തൊട്ടടുത്ത വിമാനത്താവളം എന്ന ഖ്യാതിയാണ് ഇവിടെയുള്ളത്. തീർഥാടകരിൽ 25 ശതമാനമെങ്കിലും വിമാനത്താവളം ഉപയോഗപ്പെടുത്തിയാൽ പദ്ധതി ലാഭകരമാകും. ഇതരസംസ്ഥാന യാത്രികർക്ക് സമയലാഭവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ഉന്നയിച്ച വിഷയങ്ങളുടെ ശരിയായ ഉത്തരം നൽകേണ്ടത് വിഷയത്തിൽ പ്രധാനമാണ്. രാജ്യത്ത് ചെറിയ വിമാനത്താവളങ്ങൾ വേണമെന്ന മോദി സർക്കാരിന്റെ നയം ചെറുവള്ളിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. വിഷയത്തിൽ സംസ്ഥാന ബി.ജെ.പി.ഘടകം അഭിപ്രായം പറഞ്ഞിട്ടില്ല. ഹിന്ദുഐക്യവേദി പദ്ധതിക്ക് എതിരാണ്. ഹാരിസണിൽ നിന്ന് പാട്ടക്കാലാവധി കഴിഞ്ഞ് ഏറ്റെടുക്കേണ്ട ഭൂമിയായതിനാൽ ഇത് ഭൂരഹിതർക്ക് നൽകണമെന്നതാണ് അവരുടെ ആവശ്യം. അനുകൂലഘടകം • ദേശീയപാതകളുടെ സാമീപ്യം ഗുണകരമാണ്. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററും നെടുമ്പാശേരിക്ക് 110 കിലോമീറ്ററുമാണ്. കോട്ടയത്തിന് 58 കിലോമീറ്റർ. പമ്പയ്ക്ക് 45 കിലോമീറ്ററും. • മലയോരമേഖലകളുടെ വികസനത്തിന് ഗുണകരം. പൊൻകുന്നം-പുനലൂർ പാത കൂടി ദേശീയപാതാ നിലവാരത്തിൽ എത്തിയതോടെ യാത്രാസൗകര്യങ്ങളിൽ കുതിച്ചുചാട്ടം. • പ്രവാസികളുടെ യാത്രാസൗകര്യം. മധ്യതിരുവിതാംകൂറിലെ 25 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് യാത്ര എളുപ്പമാകും. നിലവിൽ അവർ നെടുമ്പാശേരി, തിരുവനന്തപുരം എന്നിവയെ ആണ് ആശ്രയിക്കുന്നത്. പ്രതികൂലഘടകം • ഭൂമിയുടെ ഉടമാവകാശത്തിലെ കേസ്. പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുത്താലും നൂലാമാലകൾ തീരുമോ എന്ന സംശയം. • ടേബിൾ ടോപ്പ് ഭൂപ്രകൃതി. റൺവേയ്ക്ക് സ്ഥലം തികയുമോ എന്ന സംശയം. ഇതാണ് വ്യോമയാന ഡയറക്ടറേറ്റും പ്രകടിപ്പിച്ചത്. • മണിമല, എരുമേലി വില്ലേജുകളിലെ സാമൂഹികആഘാതം പരിഹരിക്കൽ. കുന്നുകൾ ഇടിച്ചാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കൽ. • ശബരിമലയിലെ തീർഥാടകരിൽ ഭൂരിപക്ഷത്തിന് വിമാനയാത്ര താങ്ങാനുള്ള ശേഷിയുണ്ടോ എന്ന സംശയം. • കേന്ദ്രസർക്കാർ, ബി.ജെ.പി. നിലപാടുകൾ വ്യക്തമാക്കാത്തത്. കോടതിയിൽ പണംകെട്ടി ഭൂമി ഏറ്റെടുക്കും നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പണം കോടതി മുമ്പാെക കെട്ടിവെച്ച് ഏറ്റെടുക്കാൻ ആലോചന. മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കിലും കോടതി അത് തടഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കലല്ല തടഞ്ഞതെന്നും അതിന് സ്വീകരിച്ച രീതിയാണ് റദ്ദാക്കപ്പെട്ടതെന്നുമാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഭൂമി ഏറ്റെടുക്കലിന് മുമ്പ്, സ്പെഷ്യൽ ഓഫീസറുടെ നിയമനം അടക്കമുള്ളത് നടന്നതിനാൽ കോടതിയിൽ പണംകെട്ടി മുന്നോട്ട് പോകാനാകുമെന്നാണ് നിയമോപദേശം. ഇതിനായി, ഹാരിസൺ കേസുകൾ കൈകാര്യംചെയ്യുന്ന അഭിഭാഷകരുടെയും നിയമവിദഗ്ധരുടെയും യോഗം അടുത്തിടെ ഓൺലൈനായി വിളിച്ചിരുന്നു. ആദ്യശ്രമത്തിലെ പാളിച്ചകൾ പരിഹരിച്ചാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം. ഭൂമി ഏറ്റെടുക്കാൻ കേരള വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി. കോർപ്പറേഷനും സ്പെഷ്യൽ ഓഫീസറും ജില്ലാ കളക്ടറോട് ഭൂമിയുടെ വിലയും അതിലെ ചമയങ്ങളുടെ മൂല്യവും നിശ്ചയിച്ച് നൽകാൻ ആവശ്യപ്പെടും. ആ റിപ്പോർട്ട് കിട്ടുമ്പോഴാണ് കെട്ടിവെക്കേണ്ട തുക എത്രയെന്ന് അറിയുക. പാലാ സബ്ബ് കോടതിയിൽ കേസ് നടത്തിപ്പിന് ഇപ്പോഴുള്ള അഭിഭാഷകന് പുറമേ സ്പെഷ്യൽ ഗവ.പ്ലീഡറെയും നിയമിച്ചിട്ടുണ്ട്. കേസ് നടത്തിപ്പ് വേഗത്തിലാക്കാനാണിത്. മുമ്പ് കോട്ടയം ജില്ലാ ഗവ.പ്ലീഡറായിരുന്ന റെജി കൊടുവത്തിനാണ് പുതിയ ചുമതല നൽകിയത്. വസ്തുവിലയാണ് കോടതിയിൽ കെട്ടിവെക്കുക. ഉടമയാണെന്ന് അവകാശപ്പെടുന്ന ബിലീവേഴ്സ് ചർച്ച് ട്രസ്റ്റിനെതിരേയാണ് പാലാ കോടതിയിലെ കേസ്. ഈ കേസിൽ ട്രസ്റ്റിന് അനുകൂലമായ വിധി വന്നാൽ കെട്ടിവെച്ച പണം അവർക്ക് നൽകണം. തിരിച്ചെങ്കിൽ സർക്കാരിന് പണം മടക്കിക്കിട്ടും. ചെറുവള്ളി ഭൂമി സർക്കാരിന്റെതെന്ന് പറയുമ്പോഴും അതിന്റെ വില കെട്ടിവെക്കേണ്ടിവരുന്ന സാഹചര്യം കേസിനെ ദുർബലപ്പെടുത്തുമോയെന്ന് ആശങ്കയുണ്ട്. സ്വന്തം ഭൂമിയെങ്കിൽ പണം കെട്ടിവെച്ച് ഏറ്റെടുക്കേണ്ടതില്ലല്ലോ എന്ന വാദമാണ് ഉയരുന്നത്. എന്നാൽ, സുപ്രീംകോടതി നിർദേശിച്ച രീതിയിൽ ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാൻ സിവിൽ കേസ് കൊടുക്കുകയാണ് ചെയ്തതെന്നും ഭൂമി സർക്കാരിന്റെതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നുമാണ് റവന്യൂവകുപ്പ് നിലപാട്. പിഴവുകൾ പരിഹരിക്കണം-എം.പി. സാധ്യതാപഠന റിപ്പോർട്ടിലെ പിഴവുകൾ പരിഹരിച്ച്, എരുമേലിയുടെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ശബരിമല വിമാനത്താവളം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി. സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ സാധ്യതാപഠനം നടത്തി തയ്യാറാക്കി നൽകിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അംഗീകരിക്കാഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. വോട്ടുനേടാനുള്ള തന്ത്രം തിരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രമായിരുന്നു ശബരിമല വിമാനത്താവള പദ്ധതി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കെ സാധ്യതാ പഠനത്തിനായി കോടികൾ പാഴാക്കി. ചെറുവള്ളി എസ്റ്റേറ്റിൽ വനഭൂമിയും, ദേവസ്വം ബോർഡിന്റെ ഭൂമിയും ഉണ്ട്. എരുമേലിയിൽ വിമാനത്താവളം യാഥാർഥ്യമാക്കണം. വികസനം വരണം. പക്ഷേ ഭൂമിസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാതെ കൃത്യതയില്ലാത്ത നിലപാടാണ് സർക്കാർ തുടരുന്നത്. സാധ്യതാപഠനം പോലും പ്രഹസനമായി.- വി.സി. അജികുമാർ, എരുമേലി, ബി.ജെ.പി. ജില്ലാ സെക്രട്ടറി തൊഴിലാളികൾക്ക് സംരക്ഷണം വേണം വികസനം ഉണ്ടാവണം. വിമാനത്താവളത്തിന് എതിരുമല്ല. എന്നാൽ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭിക്കണം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ എസ്റ്റേറ്റ് ഭൂമിയിലുണ്ട്. സർക്കാർ ഭൂമി വിലകൊടുത്ത് വാങ്ങുന്നതിനോട് യോജിപ്പില്ല.-ഇ.എസ്. രമേശൻ,ചെറുവള്ളി എസ്റ്റേറ്റ്, ബി.എം.എസ്. യൂണിയൻ കൺവീനർ വിമാനത്താവളം യാഥാർഥ്യമാകണം എരുമേലി ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡാണ് ചെറുവള്ളി എസ്റ്റേറ്റ്. വിമാനത്താവളവും അതുവഴിയുള്ള വികസനവും നാടിന് അനിവാര്യമാണ്. എസ്റ്റേറ്റിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി പദ്ധതി യാഥാർഥ്യമാക്കണം.-അനിശ്രീ,എരുമേലി ഗ്രാമപ്പഞ്ചായത്ത് അംഗം, ചെറുവള്ളി വാർഡ് പദ്ധതിയെ സ്വാഗതംചെയ്യുന്നു പഠനറിപ്പോർട്ടിൽ പിഴവുണ്ടെങ്കിൽ പരിഹരിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. 300-ഓളം സ്ഥിരം തൊഴിലാളികളും 100-നടുത്ത് താത്കാലിക തൊഴിലാളികളും ചെറുവള്ളി എസ്റ്റേറ്റിലുണ്ട്. സ്ഥലവും വീടും ജോലിയും നഷ്ടപരിഹാരവും നൽകി തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതാവസ്ഥ ഉണ്ടാവണം.-എസ്. സാബു, ചെറുവള്ളി എസ്റ്റേറ്റ്, എ.ഐ.ടി.യു.സി. യൂണിയൻ കൺവീനർ നാലുവർഷമായി കേൾക്കുന്നു നാലുവർഷമായി കേൾക്കുകയാണ് ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം വരുമെന്ന്. നാളിതുവരെ എല്ലാം പറച്ചിലിൽമാത്രം. കേട്ടുമടുത്തതിനാൽ ഇപ്പോ ആരും ശ്രദ്ധിക്കാറില്ല. വിമാനത്താവളം യാഥാർഥ്യമായാൽ നാടിന്റെ മുഖച്ഛായ മാറുമെന്നത് സത്യം. എസ്റ്റേറ്റിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണം.- എസ്.ബിജു. ചെറുവള്ളി എസ്റ്റേറ്റ്, ഐ.എൻ.ടി.യു.സി. യൂണിയൻ കൺവീനർ പദ്ധതി നടപ്പാകും നിർദ്ദിഷ്ട എരുമേലി വിമാനത്താവള പദ്ധതി ചെറുവള്ളി എസ്റ്റേറ്റിൽ നടപ്പാകും. സാധ്യതാപഠന റിപ്പോർട്ട് തള്ളാൻ കാരണം രാഷ്ട്രീയ ലോബികളുടെ ഇടപെടലാണ്. തൊഴിലാളികളുടെ പൂർണ സംരക്ഷണം ഉറപ്പാക്കിയെ പദ്ധതി യാഥാർഥ്യമാക്കൂ.-എ. പ്രതീഷ്. സി.ഐ.ടി.യു. കൺവീനർ, ചെറുവള്ളി എസ്റ്റേറ്റ്


from mathrubhumi.latestnews.rssfeed https://ift.tt/3lLSDMH
via IFTTT