സുബി ചങ്ങനാശ്ശേരി: പ്രതിശ്രുതവരനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവതിക്ക് കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്കുവീണ് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടിൽ സണ്ണിയുടെയും ബിജിയുടെയും ഏകമകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. കറുകച്ചാൽ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്നു ഇരുവാഹനങ്ങളും. കെ.എസ്.ആർ.ടി.സി. ബസ് ഓവർടേക്കു ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി. നിയന്ത്രണംവിട്ട ബൈക്കിന്റെ പിന്നിലിരുന്ന സുബി ബസിന്റെ പിൻവശത്തേക്ക് വീഴുകയായിരുന്നു. സുബിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ സുബി മരിച്ചുവെന്ന് പോലീസ് പറഞ്ഞു. കുമളിയിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടത്തെത്തുടർന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂർണമായും തകർന്നിരുന്നു. തുടർന്ന് പോലീസിലും അഗ്നിരക്ഷാസേനയിലും നാട്ടുകാർ വിവരം അറിയിച്ചു. മുക്കാൽ മണിക്കൂറോളം മൃതദേഹം റോഡിൽകിടന്നു. നാട്ടുകാർചേർന്നാണ് മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയത്. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. തൃക്കൊടിത്താനം പോലീസ് സംഭവസ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചങ്ങനാശ്ശേരി അഗ്നിശമനസേന എത്തി റോഡിൽ കെട്ടിക്കിടന്ന രക്തവും ശരീര അവശിഷ്ടങ്ങളും കഴുകിമാറ്റി വൃത്തിയാക്കി. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
from mathrubhumi.latestnews.rssfeed https://ift.tt/3CFdk3L
via
IFTTT