തൃശ്ശൂർ: ഭാര്യയെയും രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ വെളുത്തൂർ പള്ളിക്കു സമീപം പുല്ലരിക്കൽ സച്ചിന്റെ (26) ജാമ്യാപേക്ഷ തൃശ്ശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.ജെ. വിൻസെന്റ് തള്ളി. 2021 ജൂലായ് ഒമ്പതിന് രാത്രി 7.30-നാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം പ്രതി ഒരു കടയിൽനിന്ന് എലിവിഷവും മറ്റൊരു കടയിൽനിന്ന് പലഹാരങ്ങളും വാങ്ങി പലഹാരത്തിൽ എലിവിഷം ചേർത്ത് വയ്ക്കുകയായിരുന്നു. തുടർന്ന് ഷാപ്പിൽനിന്ന് കള്ള് വാങ്ങി കള്ളിൽ എലിവിഷം ചേർത്ത് കുടിച്ചശേഷം വീട്ടിലെത്തി വിഷം ചേർത്ത പലഹാരം അമ്മയെയും ഭാര്യയെയും മക്കളെയും കഴിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ രക്ഷപ്പെട്ടു. വിഷം കഴിച്ച പ്രതിയും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് കൊലപാതകശ്രമം നടത്തിയത് എന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ പ്രതിയുടെ പ്രവൃത്തി മാപ്പർഹിക്കുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയാൽ പ്രതി ഭാര്യയെയും മറ്റു സാക്ഷികളെയും ഭീഷണിപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
from mathrubhumi.latestnews.rssfeed https://ift.tt/2XlT5IR
via
IFTTT