തിരുവനന്തപുരം: ന്യൂഡൽഹിയിൽനിന്നു വന്ന നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ അമ്മയും മകളുമുൾപ്പെടെ മൂന്നു സ്ത്രീയാത്രികരെ മയക്കിക്കിടത്തി വൻ കൊള്ള നടത്തിയതിന് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് ഉത്തർപ്രദേശുകാരനായ അക്സർ ബാഗ്ഷെയെന്ന് സ്ഥിരീകരിച്ച്പോലീസ്. സ്ത്രീ യാത്രക്കാരെ ലക്ഷ്യമിടുന്ന ഇയാൾ അവരുടെ ഭക്ഷണത്തിലോ കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലർത്തിയാണ് മോഷണം നടത്തുന്നത്. ഉത്തർപ്രദേശുകാരനായ അക്സർ ബാഗ്ഷാ സമാനമായ രീതിയിൽ തീവണ്ടിയിൽ മുമ്പും മോഷണം നടത്തി പിടിയിലായിട്ടുണ്ട്. കോയമ്പത്തൂർ റെയിൽവേ ഡിവിഷനിൽനിന്ന് അയച്ചുകിട്ടിയ അക്സറിന്റെ ചിത്രം മൂന്ന് സ്ത്രീകളും തിരിച്ചറിഞ്ഞു. ഇവർ, ശൗചാലയത്തിൽ പോയപ്പോൾ കവർച്ചക്കാർ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി എന്നാണ് അനുമാനം. വിജയലക്ഷ്മിയും മകളും എസ് വൺ കോച്ചിലും കൗസല്യ എസ് ടു കോച്ചിലുമായിരുന്നു. സേലത്തുനിന്ന് മൂവരും ഭക്ഷണവും വെള്ളവും വാങ്ങി. ഈ റോഡിലെത്തും മുൻപേ ഭക്ഷണംകഴിച്ചു. സ്ലീപ്പർ കോച്ചിൽ ബിഹാറികളായ ആറു തൊഴിലാളികളും ഡൽഹിയിൽനിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ഒരാളും ഉണ്ടായിരുന്നതായി വിജയലക്ഷ്മി പറഞ്ഞു. ശൗചാലയത്തിൽ പോയി വന്നപ്പോഴാണ് അക്സർ എന്നയാളെ ശ്രദ്ധിച്ചത്. തിരികെ, സീറ്റിലെത്തി അവിടെ സൂക്ഷിച്ചിരുന്ന കുപ്പി വെള്ളംകുടിച്ചു കോയമ്പത്തൂർ എത്തുംമുമ്പേ കിടക്കുകയായിരുന്നു. നാലുമണിക്ക് എഴുന്നേൽക്കുന്നതിനായി മൊബൈൽ ഫോണിൽ അലാറം വെച്ചു. പിന്നീട് ഒന്നും ഓർമയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ റയിൽവേ പോലീസ് എത്തി വിളിച്ചപ്പോഴാണ് ബോധം വന്നത്. കായംകുളത്ത് ഇറങ്ങേണ്ടവരാണെന്ന് പോലീസിനെ അറിയിച്ചു. പൈജാമയുടെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസ്സിലായത്. മൊബൈൽ ഫോണുകളും കാണാനില്ല. ഇടതുചെവിയിലെ കമ്മൽ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. പോക്കറ്റ് കീറിയ നിലയിലായിരുന്നു. സ്വർണം മുറിച്ചെടുത്ത് മാറ്റിയെന്നാണ് സൂചന. യാത്രയിൽ ഒരിടത്തും തീവണ്ടിയിൽ പോലീസ് ഉണ്ടായിരുന്നില്ലെന്ന് കവർച്ചയ്ക്കിരയായവർ പറയുന്നു. Content Highlights:Three women robbed inside Nizamuddin Express, Suspect identified
from mathrubhumi.latestnews.rssfeed https://ift.tt/3A8FdA3
via
IFTTT