പന്തളം : നാൽപ്പതുവർഷം മുമ്പ് ജോലിതേടി പഞ്ചാബിലേക്ക് തീവണ്ടി കയറുമ്പോൾ കുഞ്ഞുപിള്ളയുടെ മുടി നരച്ചിട്ടില്ലായിരുന്നു, വയസ്സ് 32. തിരികെയെത്തുമ്പോൾ ആകെ മാറി, മുടി കൊഴിഞ്ഞു, ഉള്ളത് നരച്ചു. മരിച്ചെന്നു കരുതിയ ആൾ തിരിച്ചെത്തിയ സന്തോഷത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കുഞ്ഞുപിള്ളയെ നാട്ടിൽ തിരിച്ചെത്തിക്കാൻ പരിശ്രമിച്ച കേരള സമാജത്തിനോടുള്ള നന്ദി എത്ര പറഞ്ഞാലും തീരാത്തതാണെന്ന് ബന്ധുക്കൾ. പന്തളം മുടിയൂർക്കോണം കീപ്പള്ളിൽ കുഞ്ഞുപിള്ളയാണ് 40 വർഷത്തിനുശേഷം ജനിച്ചുവളർന്ന നാട് കാണുന്നത്. പഞ്ചാബിലുണ്ടായിരുന്ന ചന്ദനപ്പള്ളി സ്വദേശികളായ ബന്ധുക്കൾക്കരികിലേക്കാണ് കുഞ്ഞുപിള്ള ജോലിതേടിയെത്തിയത്. പിന്നീട് പല കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിനോക്കി. എ.കെ.പിള്ളയെന്ന പേരിലായിരുന്നു ബന്ധുക്കൾക്കും മലയാളികൾക്കുമിടയിൽ അറിയപ്പെട്ടിരുന്നത്. 15 വർഷത്തോളം ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് നിന്നിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കാതായത്. വിവിധ സ്ഥലങ്ങളിൽ ജോലിചെയ്ത ഇദ്ദേഹം ബന്ധുക്കളുമായി സന്പർക്കം പുലർത്തിയുമില്ല. ബന്ധുക്കൾ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. മൂന്നുമാസം മുമ്പാണ് അടുത്ത സുഹൃത്തുക്കളോട് നാട്ടിലെത്തണമെന്ന ആഗ്രഹം അറിയിച്ചത്. ഇവർ കേരള സമാജം പ്രസിഡന്റും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായ കെ.ആർ.അരവിന്ദാക്ഷനുമായി ബന്ധപ്പെടുകയും പന്തളം പോലീസ് വഴി പന്തളത്തുള്ള കുടുംബവീട് കണ്ടെത്തുകയുമായിരുന്നു. ബന്ധുവായ റിട്ട. എസ്.ഐ. കെ.സി.സോമനും വേണ്ട സഹായങ്ങൾ ചെയ്തു. പിന്നെ വീട്ടുകാർക്ക് ബന്ധുവിനെ കാണാൻ തിടുക്കമായി. ഇളയസഹോദരൻ ശ്രീധരനും മൂത്ത സഹോദരിയുടെ മകൻ സുനിലും പഞ്ചാബിലെത്തി കുഞ്ഞുപിള്ളയെ നേരിൽകണ്ട് സംസാരിച്ചു. ഇവർ കുഞ്ഞുപിള്ളയേയും കൂട്ടി ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലെത്തി. അവിവാഹിതനാണ് ഇദ്ദേഹം.കുഞ്ഞുപിള്ളയെക്കുറിച്ചുള്ള അന്വേഷണത്തിൽ പങ്കാളികളായ പന്തളം പോലീസിനും ഇദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. നാട്ടിലെത്തി ആദ്യം വന്നതും പോലീസ് സ്‌റ്റേഷനിലേക്കാണ്. എസ്.ഐ.വേണുവും ജനമൈത്രി സമിതിയും യൂത്ത് ക്ലബ്ബും ചേർന്ന് പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ഹിന്ദിയിലും മലയാളത്തിലും കാണാനെത്തിയവരോട് സംസാരിക്കുകയും നന്ദിപ്രകടനം നടത്തുകയും ചെയ്തശേഷം കുഞ്ഞുപിള്ള ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് പോയി.
from mathrubhumi.latestnews.rssfeed https://ift.tt/3tiJq1t
via
IFTTT