Breaking

Sunday, September 19, 2021

ഇവര്‍ ചൊല്ലുമ്പോള്‍ 'അഭിമാനപൂരിതമാകും' 193 രാജ്യങ്ങള്‍

തിരുവനന്തപുരം: ‘ഞങ്ങളെ കേൾക്കാൻ ആരും തയ്യാറായില്ല. അതിനാൽ ഞങ്ങൾ വെടിമരുന്നിന്റെ ഒച്ച താളമാക്കി മാറ്റി. മെഷീൻ ഗണ്ണിന്റെ ശബ്ദം ലയമാക്കി...’ അൾജീരിയ എന്ന ആഫ്രിക്കൻ രാജ്യം ഊറ്റംകൊള്ളുന്ന ദേശീയഗാനം ഇങ്ങനെ രാജ്യസ്നേഹത്തിന്റെ ചോര തിളപ്പിക്കുന്നു. പക്ഷേ, ജപ്പാൻകാരുടെ ദേശീയഗാനത്തിന് സമാധാനത്തിന്റെ ദീപ്തിയാണ് -‘സമാധാന ഭരണം ആയിരം വർഷങ്ങൾ നീണാൾ വാഴട്ടെ. ഒരു ചെറുകല്ല് വളർന്ന് വലിയൊരു പാറക്കെട്ടായി മാറുന്നതുവരെ. ആ പാറയെ പായൽ മൂടുംവരെ...’ ഇങ്ങനെ പല പൊരുളുകളുള്ള ലോകരാജ്യങ്ങളുടെ ദേശീയഗാനങ്ങൾ തേടിയിറങ്ങിയതാണ് ഈ മലയാളി സഹോദരിമാർ. ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്ഥിരതാമസമാക്കിയ ജോയ് കെ. മാത്യുവിന്റെയും ജാക്വിലിന്റെയും മക്കളായ തെരേസയും ആഗ്നസുമാണ് ഈ മിടുക്കികൾ. ലോക സമാധാനദിനമായ ചൊവ്വാഴ്ച ബ്രിസ്‌ബേൻ സിറ്റിയിലെ സെയ്‌ന്റ്‌ ജോൺസ് കത്തീഡ്രൽ ഹാളിൽ 193 രാജ്യങ്ങളുടെ ദേശീയഗാനങ്ങൾ തുടർച്ചയായി പാടി ലോകറെക്കോഡിൽ മുത്തമിടാനാണ് ഇവരുടെ ശ്രമം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ മനഃപാഠമാക്കി അതത് ഭാഷകളിലായിരിക്കും ഈ ആലപ്പുഴക്കാരികൾ ആലപിക്കുക. സമാധാനദിനത്തിൽ ഐക്യരാഷ്ട്ര സഭ നടത്തുന്ന ‘സല്യൂട്ട് ദി നേഷൻ’ പരിപാടിയുടെ ഭാഗമായാണ് അവതരണം. ഓസ്ട്രേലിയയിൽ ക്രിമിനൽ സൈക്കോളജി ബിരുദവിദ്യാർഥിനിയായ തെരേസയും പന്ത്രണ്ടാംതരം വിദ്യാർഥിയായ അനുജത്തി ആഗ്നസും വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമൊടുവിലാണ് ഈ ദൗത്യത്തിലേക്കെത്തിയത്. ഏറ്റവും പഴക്കമുള്ളതും ചെറുതുമായ ജപ്പാന്റെ ദേശീയ ഗാനം മുതൽ 2012-ൽ പുറത്തിറക്കിയ സൗത്ത് സുഡാന്റെ ദേശീയഗാനംവരെ പഠിച്ചെടുത്തു. പല രാജ്യങ്ങളിലെയും സംഗീതജ്ഞരുമായി ബന്ധപ്പെട്ട് അവർക്ക് ഫീസ് നൽകിയായിരുന്നു പഠനം. ജയിലിൽവെച്ച് മൗഫ്ദി സക്കറിയ എന്ന കവി സ്വന്തം വിരൽ മുറിച്ച് ചോരകൊണ്ടെഴുതിയ അൾജീരിയയുടെ ദേശീയഗാനത്തിലാണ് ഏറ്റവും തീവ്രമായ വരികളുള്ളതെന്ന് ഇവർ പറയുന്നു. ഏറ്റവും ശാന്തമായ ദേശീയഗാനം ഇസ്രയേലിന്റേതാണ്. ഈ വർഷം ഓസ്‌ട്രേലിയയുടെ ദേശീയഗാനത്തിൽ ഒരു വാക്ക് മാറ്റിയെഴുതിയതാണ് ഈ ദേശീയഗാന ചരിത്രത്തിലെ അവസാന പുതുക്കൽ. ചൊവ്വാഴ്ച ബ്രിസ്‌ബേനിൽ രാവിലെ 9.30-മുതൽ തുടർച്ചയായി ആറ് മണിക്കൂർ പാടിയാണ് സഹോദരിമാർ ലോകരാജ്യങ്ങൾക്ക് ആദരമർപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും യു.ആർ.എഫ്. വേൾഡ് റെക്കോഡ് ജൂറി അംഗങ്ങളും സാക്ഷികളാകും. ഭാരതത്തിന്റെ ദേശീയഗാനത്തോളം സുന്ദരം മറ്റൊന്നുമില്ലെന്നാണ് ഈ സഹോദരിമാരുടെ അഭിപ്രായം.


from mathrubhumi.latestnews.rssfeed https://ift.tt/3klSIqR
via IFTTT