ആ പെൺകുട്ടിയുടെയും അമ്മയുടെയും പുനഃസമാഗമത്തിന് പതിനാലുകൊല്ലത്തിന്റെ വേർപാടിന്റെ വേദനയുണ്ടായിരുന്നു. ഒടുവിൽ കണ്ടുമുട്ടി പരസ്പരം ആലിംഗനം ചെയ്തപ്പോൾ ആ നോവ് അലിഞ്ഞില്ലാതായിട്ടുണ്ടാവണം. ഫ്ളോറിഡയിലെ ക്ലെർമോണ്ടിലെ വീട്ടിൽനിന്ന് പതിനാലു കൊല്ലം മുൻപാണ് ജാക്വലിൻ ഹെർണാണ്ടസിനെ അവളുടെ അമ്മ ആൻജെലിക്ക വെൻസെസ് സാൽഗാഡോയുടെ അരികിൽനിന്ന് തട്ടിക്കൊണ്ടുപോയത്. 2007 ഡിസംബർ 22-നായിരുന്നു സംഭവം. ബി.ബിസി. റിപ്പോർട്ട് പ്രകാരം, പിതാവ് പാബ്ലോ ഹെർണാണ്ടസ് ആയിരുന്നു ജാക്വിലിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ മാസം ആദ്യം ജാക്വിലിൻ, ആൻജെലിക്കയ്ക്ക് ഫെയ്സ്ബുക്കിൽ സന്ദേശം അയച്ചതോടെ അവരുടെ പുനഃസമാഗമത്തിന് വഴിയൊരുങ്ങുകയായിരുന്നു. ജാക്വിലിനും അമ്മയും വീണ്ടും കണ്ടുമുട്ടിയത് ഇങ്ങനെ ജാക്വിലിനെ കാണാതായ സംഭവം, ഈ മാസം ആദ്യം വരെ ക്ലെർമോണ്ട് പോലീസ് ഡിപ്പാർട്മെന്റി(സി.പി.ഡി.)നെ സംബന്ധിച്ചിടത്തോളം ഒരു അൺസോൾവ്ഡ് കേസ് ആയിരുന്നു. എന്നാൽ സെപ്റ്റംബർ രണ്ടാംതിയതി ആൻജെലിക്ക സി.പി.ഡിയെ സമീപിച്ചതോടെ കഥമാറി. നിലവിൽ മെക്സിക്കോയിൽ താമസിക്കുന്ന ഒരു പെൺകുട്ടി, തന്റെ മകളാണെന്ന് അവകാശപ്പെട്ട് ഫെയ്സ്ബുക്കിൽ സന്ദേശം അയച്ചതായി ആൻജെലിക്ക പോലീസിനെ അറിയിച്ചു. മെക്സിക്കോ-അമേരിക്ക അതിർത്തിയായ ലാരേഡോയിൽവെച്ച് സെപ്റ്റംബർ പത്തിന് തമ്മിൽ കാണാമെന്ന് പെൺകുട്ടി പറഞ്ഞതായും ആൻജെലിക്ക പോലീസിനോടു പറഞ്ഞു. ആൻജെലിക്ക വിവരം കൈമാറിയതിന് പിന്നാലെ ഫ്ളോറിഡയിലെയും ടെക്സാസിലെയും പോലീസും ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിശദമായ അന്വേഷണത്തിനും പെൺകുട്ടി ആരെന്ന് കണ്ടെത്താനുമുള്ള പദ്ധതി ആവിഷ്കരിച്ചു. അങ്ങനെ മണിക്കൂറുകൾക്കുള്ളിൽത്തന്നെ ജാക്വിലിൻ, ആൻജെലിക്കയുടെ മകളാണെന്ന് സ്ഥിരീകരിച്ചു. അതോടെ പതിനാലു കൊല്ലത്തിനു ശേഷം ജാക്വിലിനും ആൻജെലിക്കയും ആദ്യമായി അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ കണ്ടുമുട്ടി. പിന്നാലെ ഇവരുടെ ഔദ്യോഗിക കൂടിക്കാഴ്ച ടെക്സാസിൽ തിങ്കളാഴ്ചയും നടന്നു. സംഭവത്തെ കുറിച്ച് ക്ലെർമോണ്ട് പോലീസ് ഡിപ്പാർട്മെന്റ് ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. content highlights:facebook message reunited mother with daughter
from mathrubhumi.latestnews.rssfeed https://ift.tt/3zb5QDm
via
IFTTT