തിരുവനന്തപുരം: ആതിഥേയത്വവും കരുതലും നൽകിയ കേരളത്തിനും നാട്ടിലേക്കു പോകാൻ അനുമതി നൽകിയ ഇന്ത്യൻ സർക്കാരിനും കൈകൂപ്പി നന്ദിപറഞ്ഞ് അവർ സ്വദേശമായ ജർമനിയിലേക്കു പോയി. മടക്കയാത്ര അനിശ്ചിതത്വത്തിലായിരുന്ന തങ്ങൾക്കിത് സുവർണനിമിഷമാണെന്ന് ജർമൻ സ്വദേശികളായ മൈക്കൽ ഷിമിറ്റ്‌സും കൂട്ടുകാരിയായ ക്ലോയസ് ഹറിക്കും പറഞ്ഞു. മൂന്നു മാസം മുൻപ് വിനോദസഞ്ചാര വിസയിലെത്തിയ 300-ഓളം ജർമൻ സ്വദേശികളിൽ 232 പേരെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി ജർമനിയിലെ ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയാണ് ജർമൻ സ്വദേശികളെ നാട്ടിലേക്കു കൊണ്ടുപോയത്. വ്യോമ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് 315 പേർക്കു സഞ്ചരിക്കാവുന്ന എയർ ഇന്ത്യയുടെ 777- ഇ.ആർ. എന്ന വിമാനമാണ് ഇവരെ സ്വദേശത്തെത്തിക്കുന്നതിന് ചാർട്ട് ചെയ്തത്.കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ആയുർവേദ സെന്ററുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞിരുന്നവരാണിവർ.ബാക്കിയുള്ളവർ 14 ദിവസത്തെ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലുള്ളവരാണ്. മറ്റു ചിലർ തിരുവനന്തപുരം സുരക്ഷിതമായതിനാൽ നാട്ടിലെ കോവിഡ്-19 ഭീതിയൊഴിഞ്ഞതിനു ശേഷമേ മടങ്ങുകയുള്ളൂവെന്ന് വിനോദസഞ്ചാര വകുപ്പിനെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെത്തിയവരുടെ മുഴുവൻ വിശദാംശങ്ങളും ജർമൻ എംബസി കേന്ദ്രസർക്കാരിന് അയച്ചുകൊടുത്തിരുന്നു. ഈ പട്ടികപ്രകാരം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണ് ഇവരെ കണ്ടെത്തിയത്. ആരോഗ്യപ്രവർത്തകർ ഇവരെ പരിശോധിച്ച് രോഗിയല്ലെന്ന സർട്ടിഫിക്കറ്റും നൽകി.ജർമൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ രേഖകളും പരിശോധിച്ച് ഉറപ്പാക്കി. വിമാനത്താവളത്തിലും ആരോഗ്യപ്രവർത്തകർ ഇവരെ കോവിഡ്-19 പരിശോധനയ്ക്കു വിധേയമാക്കി. രാവിലെ ഒൻപതു മണിയോടെ വിമാനം പുറപ്പെട്ടു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബി.എസ്.ബിജു, ഇൻഫർമേഷൻ ഓഫീസർ കെ.ആർ.സജീവ്, ജർമൻ കോൺസുലേറ്റ് പ്രതിനിധികൾ, എയർ ഇന്ത്യയുടെ തിരുവനന്തപുരം സ്റ്റേഷൻ മാനേജർ ലീന വിനീത് എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3dPOcvB
via
IFTTT