കേന്ദ്ര ബജറ്റിൽ എപ്പോഴും ഇടത്തരക്കാരുടെ ശ്രദ്ധ ആദായ നികുതിയുടെ കാര്യത്തിലായിരിക്കും. പൊതു തിരഞ്ഞെടുപ്പിനു മുമ്പായുള്ള ഇത്തവണത്തെ ഇടക്കാല ബജറ്റിൽ ആദായ നികുതി ഒഴിവിന്റെ പരിധി ഇരട്ടിയാക്കുമെന്നാണ് ഏറെപ്പേരും പ്രതീക്ഷിക്കുന്നത്. അതായത്, നിലവിലുള്ള രണ്ടര ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം രൂപയായി ഉയർത്തണമെന്നാണ് പലരുടെയും താത്പര്യം. ഏതായാലും മൂന്നു ലക്ഷം രൂപയായി ഉയർത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതായത്, മൂന്നു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി കൊടുക്കേണ്ടി വരില്ല. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റിലാണ് ആദായ നികുതി പരിധി രണ്ടര ലക്ഷം രൂപയായി ഉയർത്തിയത്, 2014-ൽ. അതുവരെ രണ്ടു ലക്ഷം രൂപയായിരുന്നു പരിധി. ആദായ നികുതി പരിധി ഉയർത്തുന്നതിനൊപ്പം നികുതി ഇളവ് ലഭിക്കാനുള്ള നിക്ഷേപങ്ങളുടെ പരിധിയും ഉയർത്തുമെന്നാണ് സൂചന. ‘80സി’ പ്രകാരം നിലവിൽ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും ചെലവുകൾക്കുമാണ് ഇളവുള്ളത്. ഇത് രണ്ടു ലക്ഷമെങ്കിലുമായി ഉയർത്തുമെന്ന് കരുതുന്നു. എന്നാൽ, വിപണിയിൽ ഉണർവുണ്ടാക്കാൻ ആദായ നികുതി പരിധി അഞ്ച് ലക്ഷമായും 80സി പ്രകാരമുള്ള ആനുകൂല്യം രണ്ടര ലക്ഷം രൂപയായും ഉയർത്തണമെന്നാണ് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളത്.ആദായ നികുതി പരിധി ഉയർത്തിയാൽ, നികുതി സ്ലാബുകളിലും മാറ്റം വരും. നിലവിൽ രണ്ടര മുതൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ചു ശതമാനവും 5-10 ലക്ഷം വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിനു മേലെ 30 ശതമാനവുമാണ് നികുതി. ഇതിൽ മാറ്റം വന്നാൽ, മുതിർന്ന പൗരന്മാരുടെ നികുതി ഘടനയിലും മാറ്റമുണ്ടാകും. നിലവിൽ 60 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് മൂന്നു ലക്ഷം രൂപ വരെ നികുതി ഇല്ല. 80 വയസ്സിനു മുകളിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് നികുതി ഒഴിവ്.
from mathrubhumi.latestnews.rssfeed http://bit.ly/2WANt8W
via
IFTTT