: ദേവസ്വംബോർഡിലെ ഭിന്നതതീർക്കാൻ സി.പി.എം. നടത്തിയ ഇടപെടൽ ഫലംകണ്ടു. സുപ്രീംകോടതിയിൽ ബോർഡിന്റെ വാദങ്ങൾക്കെതിരേ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും വിമർശനം ഉയർത്തുകയുംചെയ്ത പ്രസിഡന്റ് എ. പദ്മകുമാർ വെള്ളിയാഴ്ച മലക്കംമറിഞ്ഞു. കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും റിപ്പോർട്ട് കിട്ടട്ടെയെന്നുപറഞ്ഞത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് ദേവസ്വം പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ പരിപാടിയിലായിരുന്നു പ്രതികരണം. കമ്മിഷണർ എൻ. വാസു, മുൻ പ്രസിഡന്റ് എം. രാജഗോപാലൻനായർ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്മകുമാർ നിലപാട് മയപ്പെടുത്തിയത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ബോർഡിലെ പോര് ദോഷംചെയ്യുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതാണ് തർക്കം തീർക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചതും. പാർട്ടിയുടെ അതൃപ്തിനേടി മുന്നോട്ടുപോകാൻ പദ്മകുമാറും താത്പര്യപ്പെട്ടില്ല. ഇതോടെയാണ് പദ്മകുമാർ, എൻ. വാസു, രാജഗോപാലൻനായർ എന്നിവരുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചതും വിവാദങ്ങൾക്ക് താത്കാലിക ശമനം ഉണ്ടാക്കിയതും. വെള്ളിയാഴ്ച മൂന്നുപേരും പൊതുവേദിയിലെത്തിയപ്പോൾ തർക്കങ്ങളൊന്നുമില്ലെന്നുപറഞ്ഞ് ഒന്നിക്കുന്നതും കാണാനായി.സാവകാശ ഹർജിയിലാണ് സുപ്രീംകോടതിയിൽ ബോർഡ് വാദിക്കേണ്ടിയിരുന്നത് എന്ന നിലപാടായിരുന്നു പദ്മകുമാറിന്. ബോർഡ് നിലപാട് മാറ്റിയത് താൻ അറിഞ്ഞില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, പ്രസിഡന്റ് അറിയാത്തതൊന്നും കോടതിയിലുണ്ടായില്ലെന്ന് കമ്മിഷണറും നിലപാടെടുത്തു. ഇതോടെ പോര് മുറുകി. തുടർന്നാണ് കോടിയേരി ഇടപെട്ടത്. രാവിലെവരെ രണ്ടുതട്ടിൽപ്രസിഡന്റും കമ്മിഷണറും തമ്മിൽ തർക്കമോ അഭിപ്രായ ഭിന്നതയോ ഇല്ലെന്ന് കോടിയേരിയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞെങ്കിലും സാവകാശ ഹർജി പ്രസക്തമെന്ന് വെള്ളിയാഴ്ച രാവിലെയും പദ്മകുമാർ പറഞ്ഞത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. യുവതീ പ്രവേശത്തിൽ സാവകാശം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നായിരുന്നു ആറന്മുളയിൽ അദ്ദേഹം പറഞ്ഞത്. തൊട്ടുപിന്നാലെ കോടിയേരിയും മന്ത്രിയും വിശദീകരണവുമായി എത്തി -‘സാവകാശ ഹർജി ഇനി പ്രസക്തമല്ലെ’ന്ന് ഇരുവരും പറഞ്ഞു. ഇതോടെ പദ്മകുമാറിന്റെ വാദം അപ്രസക്തമായി. ശബരിമലയിലെ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് കോടികൾ അനുവദിച്ച സർക്കാരിനൊപ്പമാണ് ബോർഡ് നിൽക്കേണ്ടതെന്നുപറഞ്ഞ് പദ്മകുമാർ സർക്കാരിനോടുള്ള കൂറ്് പൊതുവേദിയിൽ പ്രഖ്യാപിക്കാനും മറന്നില്ല.ദേവസ്വം ബോർഡ് പ്രസിഡന്റ് സി.പി.എം. പ്രതിനിധിയാണെന്ന് കമ്മിഷണറുടെ അഭിപ്രായത്തിനും പദ്മകുമാർ രാവിലെ മറുപടി നൽകിയിരുന്നു. താൻ സി.പി.എം. അംഗമാണെങ്കിലും ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തിരിക്കേ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കാറില്ലെന്നായിരുന്നു പ്രതികരണം.തലപോയാലും അധ്യക്ഷനായി തുടരുംഞാനിപ്പോഴും ദേവസ്വം ബോർഡിന് അകത്താണ്. നാളെയും ഇതിനകത്ത് കാണും. തലപോയാലും അധ്യക്ഷസ്ഥാനത്ത് തുടരും. എന്നെ ഒഴിവാക്കാൻ ശ്രമമെന്ന് പ്രചരിപ്പിക്കുന്നു. വിധിയുമായി ബന്ധപ്പെട്ട് നിരന്തരം ബോധപൂർവമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളൊക്കെ വ്യക്തിപരമായി വ്യക്തമായ അഭിപ്രായമുള്ളവരാണ്. അഭിപ്രായങ്ങൾ ഉള്ളപ്പോൾതന്നെ ജനാധിപത്യപരമായി ചിന്തിക്കുന്നവർ എന്നനിലയിൽ പരസ്പരം ചർച്ചചെയ്ത് ഒരു തീരുമാനത്തിൽ എത്തിയാൽ അതിൽ ഉറച്ചുനിൽക്കും. സാവകാശ ഹർജിയുടെ കാര്യത്തിൽ മന്ത്രിക്കും തനിക്കും രണ്ടഭിപ്രായമാണെന്നത് മാധ്യമവ്യാഖ്യാനമാണ്-എ. പദ്മകുമാർ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്നിലപാടുമാറ്റമുണ്ടായിട്ടില്ലകോടതിയിലെ വാദങ്ങളുടെ പേരിൽ മാധ്യമങ്ങൾ നടത്തുന്ന ആഘോഷങ്ങളുടെ ദുരന്തകഥാപാത്രമാണ് ഞാൻ. പ്രസിഡന്റിന്റെയോ എന്റെയോ ഭാഗത്ത് നിലപാടുമാറ്റം ഉണ്ടായിട്ടില്ല. പ്രസിഡന്റിന് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയാം. ഞാൻ ഉദ്യോഗസ്ഥനാണ്. പ്രസിഡന്റുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ സംസാരിച്ചുതീർക്കും. പ്രസിഡന്റ് വിശദീകരണം ചോദിച്ചിട്ടില്ല-എൻ. വാസു, ദേവസ്വം കമ്മിഷണർ
from mathrubhumi.latestnews.rssfeed http://bit.ly/2TEVRlP
via
IFTTT