കാളികാവ്: സംസ്ഥാനത്ത് മാവോവാദികൾ പ്രവർത്തനശൈലി മാറ്റുന്നു. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ സംഘടനയ്ക്ക് സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയാതെവരുന്ന സാഹചര്യത്തിലാണ് പ്രവർത്തനശൈലി മാറ്റം.മുതിർന്നവരെ സംഘടനയിലേക്ക് കൊണ്ടുവരാൻ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ മാവോവാദികൾ തീരുമാനമിട്ടത്.മലപ്പുറം, എറണാംകുളം, പാലക്കാട്, തൃശ്ശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് കലാലയ രാഷ്ട്രീയം ശക്തിപ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിടുന്നത്. സംഘടനാനിർദേശങ്ങൾ പ്രവർത്തകർക്ക് എത്തിക്കാനുള്ള സൗകര്യമാണ് മാവോവാദികൾ നോക്കുന്നത്. വയനാട്, നിലമ്പൂർ, അട്ടപ്പാടി കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തന രംഗത്തുള്ളവരാണ് സന്ദേശങ്ങൾ കൈമാറുന്നത്.തമിഴ്നാട്ടിലും കർണാടകത്തിലും വിദ്യാർഥിരാഷ്ട്രീയം സംഘടനക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അട്ടപ്പാടിയിൽനിന്ന് പോലീസ് പിടിയിലായ കാളിദാസ് ഉൾപ്പെടെയുള്ളവർ തമിഴ്നാട് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നവരാണ്.വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പലർക്കും കലാലയ രാഷ്ട്രീയ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ചുമതല നൽകിയതായി വിവരമുണ്ട്. മാവോവാദി പോഷകസംഘടനാ പ്രവർത്തകർക്കാണ് വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതല. പോഷക സംഘടനാ പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ മാവോവാദികൾ നേരിട്ടെത്തി നൽകുകയും ചെയ്യും.സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു വിദ്യാർഥി സംഘടന എന്ന നിലയിലായിരിക്കും സംഘടന പ്രവർത്തനം നടത്തുക. സംസ്ഥാനത്ത് മാവോവാദികളുടെ പ്രധാന താവളമായ വയനാട്, നിലമ്പൂർ, അട്ടപ്പാടി മേഖലകളിൽനിന്ന് പലരും നീങ്ങിയതായി സൂചനയുണ്ട്. കേസുകളിൽ ഉൾപ്പെടാത്തതും പോലീസിന്റെ ശ്രദ്ധയിൽ വരാത്തതുമായ പ്രവർത്തകരാണ് നാടുകളിലേക്ക് നീങ്ങിയിട്ടുള്ളത്.നിലമ്പൂർ മേഖലയിലുണ്ടായിരുന്ന പ്രമുഖർ വയനാട് അട്ടപ്പാടി മേഖലയിലേക്കും മറ്റുള്ളവർ വിദ്യാർഥി സംഘടന പ്രവർത്തനമേഖലകളിലേക്കും തിരിഞ്ഞതായിട്ടാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2Le76NZ
via
IFTTT