Breaking

Friday, June 18, 2021

വായനക്കളരിയിലെ കരാട്ടെ ആശാൻ

കണ്ണൂർ: ഉദയഗിരി അരിവിളഞ്ഞപൊയിലിലെ കുടിയേറ്റക്കർഷകൻ ഫിഫ്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് ബെന്നി സെബാസ്റ്റ്യന് കൃഷിയും കരാട്ടെയും പോലെത്തന്നെ പ്രിയങ്കരമാണ് വായന. കരാട്ടെ പഠിപ്പിക്കാനെത്തുന്ന കേന്ദ്രങ്ങളിലെല്ലാം റീഡേഴ്‌സ് ഫോറമുണ്ടാക്കുക, അവിടെ സാഹിത്യപാഠശാല സംഘടിപ്പിക്കുക എന്നിവ നിർബന്ധം.തേർത്തല്ലിയിലെ നാലേക്കറിൽ റബ്ബർ ടാപ്പിങ്ങും തേങ്ങ പറിക്കലും പൊട്ടിച്ച് കൊപ്രയാക്കലും മറ്റും സ്വയംചെയ്യുന്നതിനുപുറമേയാണ് കരാട്ടെ സ്കൂളുകൾ. 40 വർഷംമുമ്പ് പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാൻ തുടങ്ങിയതോടെയാണ് പുസ്തകപ്രണയത്തിന്റെ തുടക്കം. ആഴ്ചപ്പതിപ്പിൽ നിരൂപണം ചെയ്യപ്പെടുന്നതും പരസ്യം കാണുന്നതുമായ പുസ്തകങ്ങൾ വാങ്ങാൻ അപ്പോൾത്തന്നെ കണ്ണൂരിലേക്ക് ബസ് കയറും, തപാലിൽ വരുത്തിക്കും. ബി.എ. പോളിറ്റിക്സിന് കറസ്‌പോണ്ടൻസ് കോഴ്‌സിന് ചേർന്നെങ്കിലും വായനമാത്രമാക്കി പരീക്ഷകളെ തിരസ്കരിച്ചു.‘‘മലയോരത്തെ മഴയ്ക്ക് ഒരുപാട് പ്രത്യേകതയുണ്ട്. മഴ തകർത്തുപെയ്യുമ്പോൾ ദിവസം 15 മണിക്കൂർവരെ വായിക്കും. എല്ലാ പുസ്തകത്തെപ്പറ്റിയും ചെറുകുറിപ്പെഴുതി വെക്കും. വർഷങ്ങൾക്കുശേഷം എടുത്തുവായിക്കും’’ -ബെന്നി പറയുന്നു. ആദ്യം ലൈബ്രറികളിൽനിന്ന് പുസ്തകമെടുത്തുതുടങ്ങി. വരുമാനമുണ്ടാക്കാൻ തുടങ്ങിയതോടെ വാങ്ങിത്തുടങ്ങി. കോവിഡ് കാലത്തുമാത്രം മുപ്പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് ബെന്നിയുടെ ഗ്രന്ഥപ്പുരയിലെത്തിയത്. ഷേക്‌സ്പിയറുടെയും സെർവാന്റീസിന്റെയും ചരമദിനമായ ഏപ്രിൽ 21-ന് ലോകപുസ്തകദിനം ബെന്നിയുടെ കരാട്ടെ സ്കൂളിൽ കൊണ്ടാടാൻ തുടങ്ങിയത് 2016 മുതലാണ്. 2018-ൽ പുതിയ സാഹിത്യവായനക്കാർക്കായി പുതുപഥം എന്ന ജില്ലാതല ഗ്രൂപ്പ് തുടങ്ങി. 2019 ഏപ്രിൽ രണ്ടിന് ലോകബാലപുസ്തകദിനവും കരാട്ടെ സ്കൂളിൽ ആഘോഷിച്ചു. തേർത്തല്ലി അപ്പോളോ, കാഞ്ഞിരക്കൊല്ലി ജനശക്തി ലൈബ്രറി, ചപ്പാരപ്പടവിലെ മങ്കര ലൈബ്രറി, ആന്തൂർ തളിയിലെ അഴീക്കോടൻ വായനശാല എന്നിവയുമെല്ലാമായി സഹകരിച്ചാണ് പരിപാടികൾ നടത്തിയത്. കോവിഡ് കാലത്ത് വായനാനുഭവങ്ങൾ പങ്കുവെക്കാൻ യൂട്യൂബ് ചാനൽ തുടങ്ങി. ഏപ്രിൽമുതൽ ഫെയ്‌സ്ബുക്ക് പേജും.


from mathrubhumi.latestnews.rssfeed https://ift.tt/3iOIO0s
via IFTTT