അഞ്ചൽ : പാമ്പുകടിയേറ്റുമരിച്ച ഉത്രയുടെ മകൻ ഇപ്പോൾ ധ്രുവ് അല്ല, ആർജവാണ്. അച്ഛൻ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാർ മാറ്റി ആർജവെന്നാക്കി. ആർജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആർജവ് എന്നപേര് നൽകിയതെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറയുന്നു. 2020 മേയ് ഏഴിനാണ് ഏറം വെള്ളാശേരിവീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര (25) വീട്ടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉത്രയുടെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം) ആദ്യം സ്വാഭാവികമരണമായി കണ്ടെങ്കിലും വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. ഉത്രയുടെ മരണത്തിനുപിന്നാലെ സൂരജിന്റെ വീട്ടുകാർ സ്വത്തിന് അവകാശം ഉന്നയിക്കാനായി കുട്ടിയെ കൊണ്ടുപോയിരുന്നു. എന്നാൽ ശിശുക്ഷേമസമിതി ഇടപെട്ട് കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു. അമ്മ മരിക്കുമ്പോൾ കുഞ്ഞിന് ഒരുവയസ്സായിരുന്നു. ആർജവിന് ഇപ്പോൾ രണ്ടുവയസ്സും മൂന്നുമാസവുമായിരിക്കുകയാണ്. ഉത്രയുടെ വീട്ടിലാണ് ആർജവ് കഴിയുന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മാമൻ വിഷ്ണുവിന്റെയും പൊന്നോമനയാണവൻ. അമ്മയില്ലാത്തതിന്റെ കുറവുവരുത്താതെയാണ് ഉത്രയുടെ മാതാപിതാക്കൾ പേരക്കുട്ടിയെ വളർത്തുന്നത്. ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് അർജവ് വളരുന്നത്. എന്നും രാവിലെ എഴുന്നേറ്റാൽ അമ്മയുടെ ചിത്രത്തിനുമുന്നിൽ പോയി തൊഴുത് ഉമ്മകൊടുക്കും. പിന്നീടാണ് മറ്റുകാര്യങ്ങൾ ചെയ്യുന്നത്. ജീവിതത്തിൽ ഉത്രയുടെ മാതാപിതാക്കളുടെ പ്രതീക്ഷയും സന്തോഷവും ഇനി ആർജവിലാണ്. നിനച്ചിരിക്കാതെയെത്തിയ ദുരന്തങ്ങളിൽ കുടുംബത്തിന് ആശ്വാസമാണ് കുഞ്ഞ്. അവന്റെ കളിചിരികളിൽ ഇവർ കുറച്ചുനേരത്തേക്കെങ്കിലും സങ്കടംമറക്കുന്നു. ഉത്ര കേസ് ഇപ്പോൾ വിചാരണ നടക്കുകയാണ്. ജൂലായ് 10-നുമുൻപായി വിചാരണ പൂർത്തിയാകും. content highlights: uthras son renamed as arjav
from mathrubhumi.latestnews.rssfeed https://ift.tt/3h3WFic
via
IFTTT