Breaking

Saturday, June 26, 2021

ഡെൽറ്റാവ്യാപനം രൂക്ഷമാകുന്നു; മാസ്‌ക്‌ വീണ്ടും കർശനമാക്കി ഇസ്രയേൽ

ടെൽഅവിവ്: കോവിഡിന്റെ ഡെൽറ്റ വകഭേദം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പൊതുയിടങ്ങളിൽ മുഖാവരണം വീണ്ടും നിർബന്ധമാക്കി. ഈ മാസമാദ്യം ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടർച്ചയായി പ്രതിദിനം നൂറിലേറെ കേസുകൾ റിപ്പോർട്ട്ചെയ്തതോടെയാണിത്. വ്യാഴാഴ്ച 227 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഏറെയും ഡെൽറ്റ വകഭേദമാണ്. വിദേശത്തുനിന്ന്‌ എത്തിയവരിൽനിന്നാവാം രോഗം പകർന്നതെന്ന്‌ കരുതുന്നു. രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും വാക്സിനേഷൻ വേഗത്തിലാക്കുകയും ചെയ്തതോടെ ജൂൺ 15-നാണ് പൊതുസ്ഥലങ്ങളിൽ മുഖാവരണം വേണ്ടെന്ന് ഇസ്രയേൽ ഉത്തരവിട്ടത്.രോഗം നഗരങ്ങളിൽനിന്ന്‌ നഗരങ്ങളിലേക്ക് പടരുകയാണെന്നും രോഗികൾ ഓരോദിവസവും ഇരട്ടിക്കുന്നുവെന്നും പകർച്ചവ്യാധി പ്രതികരണ സേനാതലവൻ നച്മാൻ ആഷ് പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വർധനയില്ല. വാക്സിൻ വിതരണത്തിലെ വർധന രോഗവ്യാപനം ചെറുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗം തുടങ്ങിയെന്ന് പ്രസിഡന്റ് നഫ്ത്താലി ബെന്നറ്റ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ലോകത്താദ്യമായി ജനസംഖ്യയുടെ 65 ശതമാനത്തിനും വാക്സിൻ നൽകിയ രാജ്യമാണ് ഇസ്രയേൽ. ജനുവരിയിൽ 60,000-ത്തിലധികം പേർക്ക് പ്രതിദിനം രോഗം ബാധിച്ചിരുന്ന രാജ്യം പിന്നീട് കോവിഡിനെ പിടിച്ചുകെട്ടുകയായിരുന്നു. സെൻട്രൽ സിഡ്നി അടയ്ക്കുന്നുസിഡ്നി: ഡെൽറ്റ വകഭേദം വ്യാപിച്ചതോടെ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സെൻട്രൽ സിഡ്നിയും കിഴക്കൻതീരമായ ബോണ്ടിയും അടച്ചു. രണ്ടാഴ്ചമുമ്പ് കോവിഡ് ബാധിച്ച ഒരു ഡ്രൈവറിൽനിന്നുമാത്രം 65 പേരിലേക്കാണ് ഇവിടെ കോവിഡ് പടർന്നത്. ആഫ്രിക്കയിൽ മൂന്നാംതരംഗം രൂക്ഷംജൊഹാനസ്ബർഗ്: വാക്സിനേഷൻ മന്ദഗതിയിൽ തുടരുന്നതിനിടെ ആഫ്രിക്കയിൽ കോവിഡിന്റെ മൂന്നാംതരംഗം രൂക്ഷമാകുന്നു. 12 രാജ്യങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ ഏറ്റവും ഉയരത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. 53 ലക്ഷം പേർക്കാണ് ആഫ്രിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1.39 ലക്ഷംപേർ മരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3hdgPp0
via IFTTT