Breaking

Monday, June 28, 2021

കോതമംഗലത്ത് മുറിച്ചത് കോടികളുടെ തേക്കുമരം

കോതമംഗലം: വിവാദ ഉത്തരവ് നിലനിന്നിരുന്ന കാലത്ത്് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കർഷകരുടെ പട്ടയഭൂമിയിൽ പലയിടങ്ങളിൽനിന്നായി ഏഴു കോടിയോളം രൂപയുടെ മരം മുറിച്ചതായി കണ്ടെത്തൽ. 600 ക്യുബിക്‌ മീറ്റർ തേക്കുമരം മുറിച്ചതായി വനംവകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വനത്തിൽനിന്നുള്ള തേക്കുമരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തേക്കും മുറിച്ചത് നേര്യമംഗലം, തട്ടേക്കാട് റേഞ്ച് പരിധിയിലെ പുരയിടങ്ങളിൽനിന്നാണ്. നേര്യമംഗലം റേഞ്ചിൽനിന്ന്് 450 ക്യുബിക് മീറ്ററും തട്ടേക്കാട് റേഞ്ചിൽനിന്ന്്് 100 ക്യുബിക്‌ മീറ്ററും വരുന്ന തേക്കുതടിയാണ് മുറിച്ചിരിക്കുന്നത്. കോതമംഗലം-മുള്ളരിങ്ങാട് റേഞ്ചുകളിൽനിന്ന്് 30 ക്യുബിക്‌ മീറ്റർ തടി വെട്ടിയിട്ടുണ്ട്.കർഷകർ നൽകിയ സത്യപ്രസ്താവന മുൻനിർത്തി വനംവകുപ്പ്് മുറിക്കാൻ അനുവദിച്ച മരങ്ങളാണിവ. നേര്യമംഗലം റേഞ്ചിൽ ഇത്തരത്തിൽ 130-ഓളം ഡിക്ലറേഷനുകളിലായിട്ടാണ് മരങ്ങൾ മുറിച്ചിരിക്കുന്നത്. മുറിച്ച തേക്കുതടികൾ ഭൂരിഭാഗവും തമിഴ്‌നാട്ടിലേക്കും മലപ്പുറം, കോഴിക്കോട് ഭാഗത്തേക്കുമാണ് കൊണ്ടുപോയിരിക്കുന്നത്. നേര്യമംഗലം റേഞ്ചിലെ നഗരംപാറ, ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ മരങ്ങളും മുറിച്ചിട്ടുള്ളത്. ഇതിൽ 35 ക്യുബിക് മീറ്റർ തടി മാത്രമാണ് തടിമില്ലിൽ നിന്ന് കണ്ടെത്താനായത്. ബാക്കിയുള്ളവ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.പട്ടയഭൂമിയിലെ തേക്കുമരങ്ങളാണ് മുറിച്ചിരിക്കുന്നത്. മുറിച്ച തടികളുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് പ്രത്യേക സംഘം ചെയ്തത്. റവന്യു-വനം റേഞ്ച്്് ഓഫീസുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എസ്.ഐ.ടി. തുടർ അന്വേഷണത്തിനായി ഡി.എഫ്.ഒ.മാർക്ക്് കൈമാറി.ഇതിനിടെ, സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുറിച്ച മരങ്ങളുടെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വീടുകളിലെത്തി മുറിച്ച തടിയുടെ വിവര ശേഖരത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയാണെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2UNO3Up
via IFTTT