Breaking

Monday, June 28, 2021

പൂരപ്പറമ്പിലെ മേളപ്പെരുപ്പമല്ല,പേരക്കിടാങ്ങളുടെ കൊട്ടിക്കയറ്റം: മട്ടന്നൂരാശാൻ തിരക്കിലാണ്

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പേരക്കുട്ടികളായ ശ്രീരംഗിനും ശ്രീശങ്കറിനും പരിശീലനം നൽകുന്നു പ്രദീപ് പയ്യോളിതിരൂർ : മക്കൾക്കൊപ്പമുള്ള പൂരപ്പറമ്പിലെ മേളപ്പെരുപ്പം നിലച്ച കാലമോർത്ത് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് തെല്ലുംനിരാശയില്ല. പൂരങ്ങളില്ലെങ്കിലും തിരക്കിനൊട്ടും കുറവുമില്ല. പേരക്കിടാങ്ങളെ കൊട്ടിക്കയറ്റം പഠിപ്പിച്ചും കൊട്ടു കണ്ടുംകേട്ടും മട്ടന്നൂരാശാൻ വീട്ടിലിപ്പോൾ ‘ബിസി’യാണ്.ഉത്സവസീസൺ തുടങ്ങിയാൽ ആശാന് നിന്നുതിരിയാൻ സമയമുണ്ടാകില്ല. തിരുവനന്തപുരം മുതൽ കാസർകോടുവരെ നിലയ്കാത്ത ഓട്ടം. മക്കളായ ശ്രീകാന്തും ശ്രീരാജിനും 11 വാദ്യകലാകാരന്മാർക്കുമൊപ്പമാണ് യാത്ര. കാറിലും ടെമ്പോ ട്രാവലറിലുമായി ഉത്സവപ്പറമ്പിൽനിന്ന് ഉത്സവപ്പറന്പിലേക്ക്. രാപകലില്ലാത്ത യാത്രയ്ക്കിടെ ഉദ്ഘാടനങ്ങൾ, ചോറൂണ്, പലരുടെയും പിറന്നാളാഘോഷം, ഷഷ്‌ടിപൂർത്തിയാഘോഷം, വിവാഹങ്ങൾ, മരണവീട്, സംസ്കാരികവേദികൾ എന്നിവിടങ്ങളിലും ഓടിയെത്തണം. മനസ്സിൽ ഇഷ്ടദൈവങ്ങളായ മട്ടന്നൂരപ്പനെയും തിരുവമ്പാടി കൃഷ്ണനെയും ധ്യാനിച്ച് കൊട്ടിക്കയറാൻ ഓട്ടം. ഉത്സവപ്പറമ്പിലും കാറിലും തന്നെയായിരുന്നു ജീവിതം. കോവിഡിന്റെ വരവോടെ പേരമക്കളുടെ ഗുരുവായി ആശാൻമാറി. ശ്രീകാന്തിന്റെ മകൻ ഏഴാംക്ലാസുകാരൻ ശ്രീരംഗിനും ശ്രീരാജിന്റെ മകൻ രണ്ടാം ക്ലാസ്സുകാരൻ ശ്രീശങ്കറിനും വീട്ടിലിരുന്നാണ് കൊട്ടുപഠിപ്പിക്കുന്നത്. ഇവരുടെ അരങ്ങേറ്റം ഉടൻ നടത്തണമെന്നാണാഗ്രഹം. മറ്റ് രണ്ടു പേരക്കുട്ടികൾ കോവിഡ് കാലത്തിനുമുമ്പേ ചെണ്ടയിൽ അരങ്ങേറ്റംനടത്തി.താനൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുമ്പിലെ ഭാര്യവീട്ടിലും മട്ടന്നൂരിലെ തറവാട്ടുവീട്ടിലും പാലക്കാട് വെള്ളിനേഴിയിലെ മട്ടന്നൂർപടിയിലെ വീട്ടിലുമായി മാറിമാറിയാണ് താമസം. വെള്ളിനേഴിയിലെ വീട്ടിൽ ഭാര്യ ഭാരതിയും മകൾ ശരണ്യയും ഒപ്പമുണ്ട്. മട്ടന്നൂരപ്പനെ വണങ്ങാനും അമ്മ കാർത്യായനിയെയും കുടുംബക്കാരെയും നാട്ടുകാരെയും കാണാനും മട്ടന്നൂരിലെ ശിവകൃഷ്ണയിലുമെത്തും. ഇപ്പോൾ ഉത്സവപ്പറമ്പിലെ മേളത്തിരക്കില്ല, നാട മുറിയില്ല, ഉദ്ഘാടനങ്ങളില്ല, സെമിനാറുകളുമില്ല. പേരക്കുട്ടികൾക്കും വീട്ടുകാർക്കുമൊപ്പം ആശാന് സ്വസ്ഥം കുടുംബജീവിതം.


from mathrubhumi.latestnews.rssfeed https://ift.tt/3jlkIdR
via IFTTT