സുൽത്താൻബത്തേരി: കോഴയാരോപണ വിവാദങ്ങൾക്കുപിന്നാലെ വയനാട് ബി.ജെ.പി.യിൽ പുറത്താക്കലും കൂട്ടരാജിയും. യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിൽ, സുൽത്താൻബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് എം. എൻ. ലിലിൽ കുമാർ എന്നിവരെയാണ് പുറത്താക്കിയത്. ഈ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ യുവമോർച്ചയുടെ മറ്റു നേതാക്കൾ കൂട്ടത്തോടെ രാജിവെക്കുകയും കമ്മിറ്റികൾ പിരിച്ചുവിടുകയും ചെയ്തു. യുവമോർച്ചയുടെ സുൽത്താൻബത്തേരി, കല്പറ്റ നിയോജക മണ്ഡലം കമ്മിറ്റികളും 19 പഞ്ചായത്ത് കമ്മിറ്റികളിൽ 12 എണ്ണവും ബത്തേരി, കല്പറ്റ മുനിസിപ്പൽ കമ്മിറ്റികളുമാണ് പിരിച്ചുവിട്ടത്. സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി മീഡിയാ കോ-ഓർഡിനേറ്ററായിരുന്നു ദീപു. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ജെ.ആർ.പി. നേതാവ് പ്രസീത അഴീക്കോടിന്റെ മൊഴിയിൽ പരാമർശിക്കപ്പെട്ട ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരേ ദീപുവും ലിലിൽ കുമാറും പ്രതികരിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെടുത്തതെന്നാണ് വിവരം. ബി.ജെ.പി. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗവും സുൽത്താൻബത്തേരി മണ്ഡലം കമ്മിറ്റി പൂർണമായും യുവമോർച്ചാ നേതാക്കളുടെ പേരിൽ നടപടിയെടുക്കുന്നതിന് എതിരായിരുന്നു. ഇതേത്തുടർന്ന് ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ് വെള്ളിയാഴ്ച ജില്ലയിലെത്തി നേതാക്കളുമായി ചർച്ചനടത്തി. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3xVCPv5
via
IFTTT