Breaking

Wednesday, June 30, 2021

മെഡിക്കൽ വിദ്യാർഥികളുടെ ലാപ്ടോപ്പാണോ, തമിഴ്‌ സെൽവൻ മോഷ്ടിക്കും

പരിയാരം: മെഡിക്കൽ വിദ്യാർഥികളുടെ ലാപ്ടോപ്പ് മോഷ്ടിക്കുന്നത് പതിവാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്ന് പി.ജി. വിദ്യാർഥിനിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് തമിഴ് സെൽവൻ കണ്ണനെ(25) സേലത്തുനിന്ന് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 28-ന് കണ്ണൂരിൽ തീവണ്ടിയിറങ്ങി പരിയാരത്തെത്തിയ ഇയാൾ മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലെ അടച്ചിട്ട ഹോസ്റ്റൽമുറിയുടെ പൂട്ട് തകർത്താണ് 40,000 രൂപ വിലവരുന്ന ലാപ്ടോപ്പ് മോഷ്ടിച്ചത്. മെഡിക്കൽ പി.ജി. വിദ്യാർഥിനി ഡോ. അശ്വതി നാട്ടിൽ പോയപ്പോഴാണ് മുറിയിൽ മോഷണം നടന്നത്. തമിഴ് സെൽവൻ മോഷണം നടത്തി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പരിയാരം ഇൻസ്പെക്ടർ എം.ജെ.ജിജോ, എസ്.ഐ. ശ്രീജിത്ത്, ഗ്രേഡ് എ.എസ്.ഐ. ശശി, ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡിൽപ്പെട്ട എ.എസ്.ഐ. എ.ജി.അബ്ദുൽറൗഫ്, സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മേയ് 28-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയ 40 പേരിൽ 39 പേരുടെയും ഫോൺനമ്പർ സൈബർസെൽവഴി ശേഖരിച്ച് വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തുവെങ്കിലും തമിഴ്സെൽവന്റെ നമ്പർ സ്വിച്ചോഫായിരുന്നു. തുടർന്ന് ഇയാളുടെ സി.ഡി.ആർ. എടുത്ത് പരിശോധിച്ചപ്പോഴാണ് വിശദവിവരങ്ങൾ ലഭിച്ചത്. എക്സിക്യുട്ടീവിനെപ്പോലെ വേഷം ധരിച്ചെത്തുന്ന ഇയാൾ ഒരു സംശയത്തിനും ഇടകൊടുക്കാതെയാണ് മോഷണം നടത്തുന്നത്. മോഷ്ടിച്ചത് 500-ലധികം ലാപ്ടോപ്പുകൾ തമിഴ് സെൽവൻ കണ്ണൻ ആറുവർഷത്തിനിടെ മെഡിക്കൽ വിദ്യാർഥികളുടെ 500-ലേറെ ലാപ്ടോപ്പുകൾ മോഷ്ടിച്ചതായി പോലീസ്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നടത്തിയ ലാപ്ടോപ്പ് മോഷണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2015-ൽ കാമുകിയോട് സൈബർ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ചില മെഡിക്കൽ വിദ്യാർഥികൾ ഇയാളോട് മോശമായി പെരുമാറി. ഇതോടെയാണ് മെഡിക്കൽ വിദ്യാർഥികൾ പഠനവിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയത്. അവരെ മാനസികമായി തളർത്തുകയായിരുന്നു ലക്ഷ്യം. പിന്നീട് അതൊരു ശീലമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽചെന്ന് ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ തുടങ്ങി. കൂടുതൽ മോഷണങ്ങളും നടത്തിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിലെ ജാംനഗറിൽ സമാനമായ മോഷണം നടത്തിയതിന് 2020 ഡിസംബറിൽ ഇയാൾ പിടിയിലായിരുന്നു. ജാംനഗറിലെ എം.പി. ഷാ മെഡിക്കൽ കോളേജിൽനിന്ന് ആറ്് ലാപ്ടോപ്പുകൾ കവർന്നതിനായിരുന്നു അറസ്റ്റ്. ഇന്റർനെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കൽ കോളേജുകളുടെ വിലാസം ശേഖരിച്ചാണ് കവർച്ചയ്ക്കെത്തുന്നത്. content highlights: thief arrested for stealing medical students laptops


from mathrubhumi.latestnews.rssfeed https://ift.tt/2Tjh2Pm
via IFTTT