Breaking

Monday, June 28, 2021

സ്ഥലംമാറ്റ അപേക്ഷ ഡി.ജി.പി. പരിഗണിച്ചു; ആനി ശിവ ഇനി മകനൊപ്പം കൊച്ചിയിൽ

തിരുവനന്തപുരം: ജീവിതവഴിയിൽ തളരാത്ത പോരാളി വർക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും. കൊച്ചിയിൽ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച് ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്നാഥ് ബെഹ്റ പരിഗണിക്കുകയായിരുന്നു. ആനി ശിവയുടെ ജീവിതകഥ ഞായറാഴ്ച 'മാതൃഭൂമി'യിലൂടെ വായിച്ചറിഞ്ഞതോടെ നേരത്തേ നൽകിയിരുന്ന അപേക്ഷയ്ക്ക് ഉടൻ പരിഹാരം കാണാൻ ഡി.ജി.പി. ഉത്തരവിട്ടു. തുടർന്ന് ഞായറാഴ്ച തന്നെ തിരുവനന്തപുരം റേഞ്ചിൽനിന്ന് കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കർ ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കൊച്ചി സെൻട്രൽ സ്റ്റേഷനിൽ ആയിരുന്നു ആനി ശിവ പരിശീലനം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ ആനിയും മകനും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു. മകൻ സൂര്യശിവ കൊച്ചിയിലെ സ്കൂളിൽ പഠനവും തുടങ്ങി. സൂര്യശിവയെ ഒറ്റയ്ക്ക് ആക്കിയായിരുന്നു വർക്കലയിൽ എസ്.ഐ.ആയി ചുമതലയേൽക്കാൻ കഴിഞ്ഞദിവസം ആനി എത്തിയത്. കോവിഡ് കാലത്ത് മകൻ ഒറ്റയ്ക്കാണെന്നും പഠനത്തിൽ സഹായിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റം നൽകണമെന്നായിരുന്നു അപേക്ഷ. ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച് നാടിന് പ്രചോദനമായി മാറിയ ആനിയുടെ സങ്കടത്തിന് ഒടുവിൽ പോലീസ് തന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു. content highlights: anie siva gets transfer to kochi


from mathrubhumi.latestnews.rssfeed https://ift.tt/3xXObyH
via IFTTT