തിരുവനന്തപുരം: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചിലർക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടർന്ന് സി.പി.എം. ശുദ്ധികലശത്തിന്. ഓരോ ബ്രാഞ്ചും അവയ്ക്കുകീഴിലെ പാർട്ടി അംഗങ്ങളുടെ വ്യക്തിബന്ധം പരിശോധിച്ച് മേൽക്കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണം. സാമൂഹികമാധ്യമങ്ങളിലെ പാർട്ടിയുടേതല്ലാത്ത 'പാർട്ടി ഗ്രൂപ്പുകളിൽ'നിന്ന് അംഗങ്ങൾ വിട്ടുനിൽക്കണമെന്നും ഇത് പ്രാദേശികഘടകങ്ങൾ ഉറപ്പുവരുത്തണമെന്നുമാണ് നിർദേശം. സി.പി.എം. അംഗങ്ങളുടെയും അനുഭാവികളുടെയും വ്യക്തിത്വശുദ്ധി ഉറപ്പാക്കണം. ഇവരുടെ കൂട്ടുകെട്ടുകൾ പരിശോധിക്കണം. ബ്ലേഡ് മാഫിയകൾ, ക്വട്ടേഷൻ-കള്ളപ്പണ-സ്വർണക്കടത്ത് സംഘങ്ങൾ തുടങ്ങിയവയുമായുള്ള ബന്ധം ഒരുതരത്തിലും അംഗീകരിക്കില്ല. പെട്ടെന്ന് പണമുണ്ടാക്കിയവരെയും വരവിനെക്കാൾ സ്വത്ത് സമ്പാദിച്ചവരെയും നിരീക്ഷിച്ച് റിപ്പോർട്ട് നൽകണം. ജനങ്ങൾ സംശയത്തോടെ കാണുന്നവരുമായുള്ള പാർട്ടി അംഗങ്ങളുടെ ചങ്ങാത്തം ഒഴിവാക്കണം. ഇത്തരക്കാരുമായി അടുത്തബന്ധം പുലർത്തുന്നവരുടെ വിവരം റിപ്പോർട്ട് ചെയ്യണം. സർക്കാരിന്റെയും പാർട്ടിയുടെയും സ്വന്തക്കാരാണെന്നു സ്ഥാപിക്കാൻ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. ഇത് പരിശോധിക്കണം. ഇത്തരം ഗ്രൂപ്പുകളിൽനിന്ന് പാർട്ടി അംഗങ്ങളും നേതാക്കളും പിൻമാറണം. ഗ്രൂപ്പ് അഡ്മിൻമാരോട് അതിൽനിന്ന് പിന്മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ തലത്തിലാണ് സാമൂഹികമാധ്യമ കൂട്ടായ്മകൾ നിരീക്ഷിക്കുക. പി.ജെ. ആർമി റെഡ് ആർമിയായി നേതാക്കളുടെ പേരിലുള്ള 'ഫാൻസ് ഗ്രൂപ്പുകൾ' ഇല്ലാതാക്കാൻ പാർട്ടി ഘടകങ്ങൾ ശ്രമിക്കണം. പാർട്ടിനിർദേശം വന്നതിനുപിന്നാലെ പി. ജയരാജന്റെ ഫാൻസ് ഗ്രൂപ്പ് എന്നരീതിയിൽ തുടങ്ങിയ 'പി.ജെ. ആർമി'യുടെ പേര് മാറ്റി. 'റെഡ് ആർമി' എന്നനിലയിലാണ് പുതിയ ഗ്രൂപ്പിന്റെ പ്രവർത്തനം. ജയരാജന്റെ ഫോട്ടോയും പേജിൽനിന്ന് മാറ്റി. അരിവാൾ ചുറ്റികയാണ് പുതിയ പ്രൊഫൈൽ ചിത്രം. ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ എങ്ങനെ കഴിയുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. വ്യക്തിപരമായി ഒരാൾക്ക് സാമൂഹികമാധ്യമത്തിൽ ഗ്രൂപ്പ് തുടങ്ങാനാകും. അതിന് പാർട്ടിയുടെ ചിഹ്നവും ഔദ്യോഗിക സ്വഭാവവും ഇല്ലാതാക്കാൻ ശ്രമിക്കുക മാത്രമാണ് സി.പി.എമ്മിന് ചെയ്യാനാകുക. അതിന് നിയമപരമായ നടപടികളും വേണ്ടിവരും. അത്തരം ഇടപെടൽ പാർട്ടി സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഇത്തരം ഗ്രൂപ്പുകളിൽനിന്ന് പാർട്ടി അംഗങ്ങളെ മാറ്റിനിർത്തുകയെന്നതാണ് സി.പി.എം. ഇപ്പോൾ ചെയ്യുന്നത്. content highlights: gold smuggling quotation allegation: cpm all set for cleanup
from mathrubhumi.latestnews.rssfeed https://ift.tt/3doTDD0
via
IFTTT