Breaking

Tuesday, June 29, 2021

കോവിഡ് മരണനിരക്ക് കൂടുതൽ അമ്പതിൽത്താഴെ പ്രായമുള്ളവരിലെന്ന് പഠനം

ന്യൂഡൽഹി: അറുപത്തിയഞ്ചു വയസ്സിനുമുകളിൽ പ്രായമുള്ളവരെ അപേക്ഷിച്ച് അമ്പതിൽത്താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലാണെന്ന് പഠനം. എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ 'ഇന്ത്യൻ ജേണൽ ഓഫ് ക്രിട്ടിക്കൽ കെയർ മെഡിസിനി'ൽ പ്രസിദ്ധീകരിച്ചു. 2020 ഏപ്രിൽ നാലുമുതൽ ജൂലായ് 24 വരെയുള്ള കാലയളവിൽ എയിംസിലെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച 654 രോഗികളിലാണ് പഠനം നടത്തിയത്. അതിൽ 247 പേർ മരിച്ചിരുന്നു. രക്താതിസമ്മർദം, പ്രമേഹം, വർഷങ്ങളായുള്ള വൃക്കരോഗം എന്നിവയിലേതെങ്കിലുമാണ് മരിച്ചവരിൽ കോവിഡിനുപുറമേയുണ്ടായിരുന്ന രോഗങ്ങൾ. 18മുതൽ 50വരെ പ്രായമുള്ളവർ, 51മുതൽ 65വരെയുള്ളവർ, 65-നു മുകളിലുള്ളവർ എന്നിങ്ങനെ തരംതിരിച്ചായിരുന്നു താരതമ്യം. വിശകലനങ്ങളിൽ 18-നും 50-നും ഇടയിലുള്ളവരുടെ മരണനിരക്ക് 42.1 ശതമാനവും 51-65 പ്രായക്കാരിൽ 34.8 ശതമാനവും 65-നു മുകളിലുള്ളവരിൽ 23.1 ശതമാനവും ആണെന്ന് കണ്ടെത്തി. “ഞങ്ങളുടെ ആശുപത്രിയിലെ മരണനിരക്ക് 18.2 ശതമാനവും ഐ.സി.യു. മരണനിരക്ക് 36.1 ശതമാനവുമാണ്. യു.എസ്., സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും സമാനമായ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്'' -എയിംസ് അധികൃതർ വ്യക്തമാക്കി. content highlights: covid death rate higher in population bellow 50 years


from mathrubhumi.latestnews.rssfeed https://ift.tt/2UEht76
via IFTTT