ന്യൂഡൽഹി: ജമ്മുകശ്മീരിന് സംസ്ഥാനപദവി അടക്കം അഞ്ച് ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് സർവകക്ഷിയോഗത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ട കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക, കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക, ഭൂമിയിലുള്ള അവകാശം പുനഃസ്ഥാപിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. കശ്മീരിലിപ്പോൾ ശാന്തിയാണ്. സംസ്ഥാന പദവി നൽകാൻ ഇപ്പോഴാണ് മികച്ച സമയമെന്നും താൻ അറിയിച്ചതായി യോഗത്തിനുശേഷം ഗുലാംനബി ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനപദവി പുനഃസ്ഥാപിച്ച് ജനങ്ങളുടെ വിശ്വാസമാർജിക്കണമെന്ന് മുൻമുഖ്യമന്ത്രിയും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ സഖ്യം അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരേ നാഷണൽ കോൺഫറൻസ് നിയമപരമായും രാഷ്ട്രീയപരമായുമുള്ള പോരാട്ടം തുടരുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. യോഗം സൗഹാർദപരമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവും ഗുപ്കർ സഖ്യം ഉപാധ്യക്ഷയുമായ മെഹബൂബ മുഫ്തി പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി പിൻവലിക്കണം. വെടിനിർത്തൽ നടപ്പാക്കിയതുപോലെ മേഖലയിലെ മറ്റ് പ്രശ്നങ്ങൾക്കും പാകിസ്താനുമായി ചർച്ചചെയ്ത് പരിഹാരമുണ്ടാക്കണം - മെഹബൂബ പറഞ്ഞു. ജമ്മുകശ്മീരിനോടുള്ള വിവേചനം കേന്ദ്രം തുടരുകയാണെന്നും അതവസാനിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളെപ്പോലെ കൈകാര്യം ചെയ്യണമെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനപദവി നൽകണം. മണ്ഡല പുനർനിർണയം ഇപ്പോൾ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. സംസ്ഥാനപദവി എല്ലാ നേതാക്കളും ആവശ്യപ്പെട്ടതായി പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസഫർ ഹുസൈൻ ബെയ്ഗ് പറഞ്ഞു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണം എന്ന കാര്യത്തിൽ യോഗം ഒറ്റക്കെട്ടായിരുന്നു. തിരഞ്ഞെടുപ്പിനായുള്ള റോഡ് മാപ്പാണ് യോഗമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ജമ്മുകശ്മീർ അപ്നി പാർട്ടി നേതാവ് അൽതാഫ് ബുഖാരി പറഞ്ഞു. അനുകൂല നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും പറഞ്ഞു. മൂന്നുമണിക്കൂർ യോഗം നീണ്ടതുപോലും വിജയത്തിന്റെ ലക്ഷണമാണെന്നാണ് ബി.ജെ.പി. നേതാവ് രാം മാധവ് പറഞ്ഞു. ജമ്മുകാശ്മീരിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് എല്ലാ നേതാക്കളും പ്രധാനമന്ത്രിക്ക് ഉറപ്പുനൽകിയതായി ബി.ജെ.പി. നേതാവ് കോവിന്ദർ ഗുപ്ത പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിക്കഴിഞ്ഞെന്നും ഇനി അത് തിരിച്ചു വരുമെന്ന ജനങ്ങൾ കരുതുന്നില്ലെന്നും ബി.ജെ.പി. നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽസിങ് പ്രതികരിച്ചു. Content Highlight: Jammu and Kashmir: Congress raises 5 demands
from mathrubhumi.latestnews.rssfeed https://ift.tt/3hjj61Z
via
IFTTT