Breaking

Sunday, June 27, 2021

പുസ്തകവും വെട്ടും; പാഠ്യപദ്ധതിയിൽ കേന്ദ്ര സെൻസർഷിപ്പിന് വഴിയൊരുങ്ങുന്നു

തൃശ്ശൂർ: സംസ്ഥാനങ്ങൾ തയ്യാറാക്കുന്ന പാഠ്യപദ്ധതിയിൽ വെട്ടാനും തിരുത്താനും കൂട്ടിച്ചേർക്കാനും അവസരമൊരുക്കുന്ന നടപടി കേന്ദ്രം തുടങ്ങി. സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ എൻ.സി.ഇ.ആർ.ടി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ആവശ്യപ്പെടുന്നത് ആദ്യമായിട്ടാണ്. സാധാരണ കേന്ദ്രം തയ്യാറാക്കി നൽകുന്ന പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പാഠ്യപദ്ധതി തയ്യാറാക്കുകയാണ് ചെയ്തിരുന്നത്. സംസ്ഥാനങ്ങൾ നൽകുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കുക എന്നു പറയുന്നുണ്ടെങ്കിലും അതിലെ ഭാഗങ്ങൾ ഒഴിവാക്കാനും പുതിയത് ഉൾപ്പെടുത്താനും കേന്ദ്രത്തിന് അധികാരമുണ്ടാവും. അതിനുശേഷം കേന്ദ്രംനൽകുന്ന ചട്ടക്കൂടിൽനിന്ന് കാര്യമായ മാറ്റം ഇനി സംസ്ഥാനങ്ങൾക്ക് വരുത്താനാവില്ല എന്നാണ് വിലയിരുത്തുന്നത്. നിലവിൽ ദേശീയ ചട്ടക്കൂടിനുള്ളിൽനിന്ന് സംസ്ഥാനങ്ങൾ പാഠ്യപദ്ധതി തയ്യാറാക്കിക്കഴിഞ്ഞാൽ കേന്ദ്രം ഇടപെടാറില്ലായിരുന്നു. എന്നാൽ, എന്താണ് തയ്യാറാക്കുന്നതെന്ന് മുൻകൂട്ടി കേന്ദ്രത്തെ അറിയിക്കുകയും അതിൽ ഇടപെടുകയും ചെയ്യുന്ന സംവിധാനമാണ് വരാൻ പോവുന്നത്. സാസ്കാരിക, ചരിത്ര, ശാസ്ത്രമേഖലകളിൽ പ്രദേശികമായ പ്രാധാന്യം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ താത്പര്യം എത്രത്തോളം ഇനി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാവും എന്നതിൽ വ്യക്തതയില്ല. കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കാളിത്തമുള്ള കാര്യങ്ങളുടെ പട്ടികയായ കൺകറന്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസം. എന്നാൽ, നയപരമായ കാര്യങ്ങൾ കേന്ദ്രം തീരുമാനിക്കും. സംസ്ഥാനങ്ങൾ ഇത് നടപ്പാക്കണം. 2023-ഓടെ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം. കേരളം എതിർത്തു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എസ്.സി.ഇ.ആർ.ടി.കളുടെയും ഡയറക്ടർമാരുടെ യോഗം കഴിഞ്ഞദിവസം ഓൺലൈനിൽ ചേർന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. ഡയറക്ടർ വിശദീകരിച്ചു. പുതിയ രീതിയോടുള്ള വിയോജിപ്പ് കേരളം അറിയിച്ചു. വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കുമെന്നും കേരളം വാദിച്ചു. ജനാധിപത്യത്തെ തകർക്കുന്ന ശൈലിക്ക് ഇത് വഴിയൊരുക്കുമെന്നും ഭരണഘടനാമൂല്യങ്ങൾ ഇല്ലാതായേക്കുമെന്നുമാണ് കേരളം നിലപാടെടുത്തത്. ബംഗാൾ യോഗം ബഹിഷ്കരിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങൾ അഭിപ്രായമൊന്നും പറഞ്ഞതുമില്ല. നാലു മേഖലകൾ, 25 പേപ്പറുകൾ സ്കൂൾ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, അധ്യാപനവിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം എന്നീ നാലു മേഖലകളിലാണ് സംസ്ഥാനങ്ങൾ കാഴ്ചപ്പാടുകൾ സമർപ്പിക്കേണ്ടത്. 25 കൺസപ്റ്റ് പേപ്പറുകളാണ് നൽകേണ്ടത്. ഫിലോസഫി, ഇന്ത്യയുടെ വിജ്ഞാനസമ്പത്ത്, മൂല്യാധിഷ്ഠിതവിദ്യാഭ്യാസം, മാനവിക വിഷയങ്ങൾ, ശാസ്ത്രം, ഗണിതം, വൊക്കേഷണൽ വിദ്യാഭ്യാസം തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇപ്പോഴത്തെ രീതി 2005-ൽ തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നിലവിലുള്ള പാഠ്യപദ്ധതി. 2007-ലാണ് ആദ്യം തയ്യാറാക്കിയത്. സംസ്ഥാനം 2013-ൽ പരിഷ്കരിച്ചെങ്കിലും അടിസ്ഥാന ചട്ടക്കൂടിൽനിന്ന് മാറിയിരുന്നില്ല. സംസ്ഥാനത്തിന് ഇണങ്ങുന്ന ശൈലി സ്വീകരിച്ചാണ് രണ്ടുതവണയും തയ്യാറാക്കിയത്. അടുത്ത പരിഷ്കരണത്തിനുള്ള നടപടികൾ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തെ തുടർന്ന് നിർത്തിെവച്ചിട്ടുണ്ട്. Content Highlight: Central govt censorship in state school syllabus


from mathrubhumi.latestnews.rssfeed https://ift.tt/3xVCNmX
via IFTTT