Breaking

Sunday, June 27, 2021

ഉന്നതനായാലും ക്വട്ടേഷന്‍ ബന്ധം ഉണ്ടെങ്കില്‍ നടപടി;നിലപാട് കടുപ്പിച്ച് സിപിഎം

കണ്ണൂർ: ക്വട്ടേഷൻ ബന്ധമുളള പാർട്ടി പ്രവർത്തകരെ കണ്ടെത്തി പിന്തിരിപ്പിക്കാനും പിന്തിരിഞ്ഞില്ലെങ്കിൽ പുറത്താക്കാനും സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് നിലപാട് കടുപ്പിക്കാനുളള തീരുമാനം പാർട്ടി കൈക്കൊണ്ടത്. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് സെക്രട്ടറിയറ്റ് യോഗം ചേർന്നതെങ്കിലും ചർച്ചയായത് ക്വട്ടേഷൻ സംഘങ്ങളുമായുളള പാർട്ടി ബന്ധമായിരുന്നു. പാർട്ടിയിൽ എത്ര ഉന്നതനായാലും ക്വട്ടേഷൻ ബന്ധം ഉണ്ടെങ്കിൽ നടപടിയെടുക്കാനാണ് തീരുമാനം. പ്രവർത്തകർക്ക് ആർക്കെങ്കിലും ഇത്തരക്കാരുമായി ബന്ധമുണ്ടെങ്കിൽ അവരെ എത്രയും വേഗം പിന്തിരിപ്പിക്കാൻ കീഴ്ഘടകങ്ങലോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇപ്പോൾ പുറത്തുവന്ന പേരുകൾക്ക് പുറമേ ആരെങ്കിലുമുണ്ടോയന്ന് ഉടൻ പരിശോധിച്ച് മേൽക്കമ്മിറ്റിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്വട്ടേഷൻ ബന്ധമുളളവരിൽ നിന്ന് ഒരു സഹായവും സ്വീകരിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. അവർക്കൊപ്പമുളള ചാരിറ്റി പ്രവർത്തനങ്ങൾ സാമൂഹിക- സാംസ്കാരിക കൂട്ടായ്മകൾ എന്നിവയും കൂട്ടായ്മ വിലക്കി. കേന്ദ്രക്കമ്മിററി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടറിയറ്റ് യോഗം.


from mathrubhumi.latestnews.rssfeed https://ift.tt/2T1QxOr
via IFTTT