തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടി വൈകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത അന്വേഷണ റിപ്പോർട്ടുകൂടി പരിഗണിച്ചാകും നടപടി തീരുമാനിക്കുക. ചില ഉദ്യോഗസ്ഥർക്കു മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും ഒരു ജില്ലയിൽനിന്നു മാത്രമാണ് തടി നഷ്ടമായതെന്നുമാണ് റവന്യൂവകുപ്പിന്റെ പ്രത്യേക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുമായി ചർച്ചനടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംയുക്ത അന്വേഷണ റിപ്പോർട്ടിനു മുന്നോടിയായി നടപടികളിലേക്കു നീങ്ങുന്നത് യുക്തിസഹമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിനെ കുറ്റപ്പെടുത്തുന്നതാണ് വനംവകുപ്പ് റിപ്പോർട്ട്. വിവാദ ഉത്തരവിന്റെ മറവിൽ പലയിടത്തും റവന്യൂ ഉദ്യോഗസ്ഥർ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചിട്ടുള്ളതെന്നാണ് അവരുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ മന്ത്രി എ.കെ. ശശീന്ദ്രനു കൈമാറി. മരം മുറിച്ചുകടത്തിയ സംഘത്തിന് ഒത്താശചെയ്തവരെ തടയാൻ റവന്യൂ വകുപ്പ് നടപടിയെടുത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നിയമപരമായി മുറിക്കാനാവാത്ത മരങ്ങൾ മുറിച്ചത് തിരിച്ചുപിടിക്കാനും അവർക്കായില്ല. ഈട്ടിയും തേക്കുമടക്കം 14.42 കോടിയുടെ മരം നഷ്ടപ്പെട്ടതായാണ് വിലയിരുത്തൽ. സംഭവം നടക്കുമ്പോൾ ചുമതലയിലുണ്ടായിരുന്ന നേര്യമംഗലം, അടിമാലി, മച്ചാട് റേഞ്ച് ഓഫീസർമാർക്കെതിരേ നടപടിക്കും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2U3IQat
via
IFTTT