Breaking

Tuesday, June 29, 2021

ഓൺലൈൻ പഠനത്തിന് സഹായകരം; തൃശ്ശൂർ മാതൃക വ്യാപിപ്പിക്കാൻ നിർദേശം

തൃശ്ശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ്‌വര്‍ക്ക് റേഞ്ച് ഒരു പ്രശ്നമായപ്പോള്‍ തൃശ്ശൂരില്‍ നടപ്പാക്കിയ ശൈലിക്ക് സംസ്ഥാന ഐ.ടി. വകുപ്പിന്റെ പ്രശംസ. ഇത് മറ്റ് ജില്ലകളിലും പ്രാവര്‍ത്തികമാക്കാന്‍ ഐ.ടി. സെക്രട്ടറി നിര്‍ദേശം നല്‍കി. ജില്ലയില്‍ റേഞ്ച് പ്രശ്നമുള്ള 1,533 സ്ഥലങ്ങള്‍, അക്ഷാംശവും രേഖാംശവും സഹിതം പട്ടികയായി ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലും ജില്ലാ ഭരണകൂടത്തിന്റെ പോര്‍ട്ടലിലും പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ബി.എസ്.എന്‍.എല്‍., വൊഡാഫോണ്‍-ഐഡിയ, ജിയോ, എയര്‍ടെല്‍ എന്നീ സേവനദാതാക്കള്‍ക്ക് ഈ പ്രദേശങ്ങളില്‍ കവറേജ് എത്രത്തോളം ഉണ്ടെന്നതിന്റെ ചിത്രം ഈ പട്ടികയില്‍ ലഭ്യമാണ്. നല്ല കവറേജ് ഉള്ള സേവനദാതാക്കളിലേക്ക് ഫോണ്‍ നമ്പര്‍ മാറാതെ പോര്‍ട്ട് ചെയ്യാവുന്നതാണെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരം ഒരു ഇടപെടല്‍ ആദ്യമായാണ്. മൂന്നാഴ്ച മുമ്പ് സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി സേവനദാതാക്കളുടെ യോഗം വിളിച്ചതിന്റെ പിറ്റേന്നാണ് തൃശ്ശൂര്‍ ജില്ലയിലും കളക്ടര്‍ യോഗം വിളിച്ചത്. റവന്യൂമന്ത്രി കെ. രാജനും സമഗ്രശിക്ഷ കേരളയുടെ പ്രതിനിധികളും അതില്‍ പങ്കെടുത്തു. അന്നു രാത്രി തന്നെ സമഗ്രശിക്ഷയുടെ ജില്ലയിലെ 18 ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും യോഗം ചേര്‍ന്നു. പിറ്റേന്നുതന്നെ ഈ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരും ജീവനക്കാരും അതത് ബ്ലോക്കുകളില്‍ റേഞ്ച് പ്രശ്നം കണ്ടുപിടിക്കാന്‍ രംഗത്തിറങ്ങി. ഒരു പകല്‍ കൊണ്ട് അങ്ങനെ ജില്ലയിലെ 1,533 സ്ഥലങ്ങളുടെ പ്രാഥമിക പട്ടിക രൂപം കൊണ്ടു. സമഗ്രശിക്ഷയുടെ കീഴിലുള്ള മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ സാങ്കേതികവിദഗ്ധരാണ് ബ്ലോക്കുകളില്‍ നിന്നുള്ള വിവരങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍കൂടി ചേര്‍ത്ത് സ്പ്രെഡ്ഷീറ്റിലാക്കിയത്. ഓരോ സ്ഥലത്തും ഉള്ള നാല് സേവനദാതാക്കള്‍ക്ക് നെറ്റ് വര്‍ക്ക് റേഞ്ച് വിവരങ്ങള്‍ അവരില്‍നിന്നുതന്നെ ശേഖരിച്ചു. നല്ല കവറേജ്, മീഡിയം കവറേജ്, തീരെ കുറഞ്ഞ കവറേജ്, തീരെ ഇല്ലാത്ത സ്ഥിതി എന്നീ വിവരങ്ങള്‍ സേവനദാതാക്കളില്‍നിന്ന് കിട്ടി. റേഞ്ചിന്റെ പട്ടിക പൂര്‍ത്തിയായപ്പോള്‍ കവറേജ് മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടു. കവറേജ് കുറഞ്ഞ സ്ഥലങ്ങളില്‍ പുതിയ ടവര്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് ബി.എസ്.എന്‍.എല്‍. മറുപടി നല്‍കിയത്. സ്വകാര്യ കമ്പനികള്‍ ഇത്തരത്തിലുള്ള നിര്‍ദേശം കുറച്ചു മാത്രമാണ് നല്‍കിയിരിക്കുന്നത്. ടവര്‍ സ്ഥാപിക്കുന്നതിന് എതിര്‍പ്പുള്ള കാര്യം ചില കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്. സിഗ്നല്‍ ശേഷി കൂട്ടുമെന്ന് ചില കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. കമ്പനികള്‍ തന്ന വിവരങ്ങള്‍ ശരിയാണോ എന്നും കവറേജ് മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അറിയാന്‍ ഇടവേളകളില്‍ പരിശോധന ഉണ്ടാവുമെന്ന്് സമഗ്രശിക്ഷ കേരള ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3hk02k3
via IFTTT