Breaking

Wednesday, June 30, 2021

കോട്ടയം നഗരത്തിൽ രാത്രി ഗുണ്ടാ ആക്രമണം; രണ്ടു പേർക്ക് വെട്ടേറ്റു

കോട്ടയം : കോട്ടയം നഗരത്തിലെ ചന്തയ്ക്കുള്ളിൽ രാത്രി നടന്ന ഗുണ്ടാ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും മറ്റൊരു യുവാവും ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈക്കും കാലിനുമാണ് വെട്ടേറ്റത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. കോട്ടയം ചന്തയ്ക്കുള്ളിലെ ലോഡ്ജിനു സമീപം ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ആക്രമണത്തിനിരയായ നാലംഗസംഘം ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. രാത്രി പത്തോടെ കാറിലും ബൈക്കിലുമായെത്തിയ പത്തിലേറെവരുന്ന സംഘം വടിവാളും മാരകായുധങ്ങളുമായി വീട്ടിൽകയറി ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കോട്ടയം പൊൻകുന്നം സ്വദേശിയായ യുവതിയും, തിരുവനന്തപുരം സ്വദേശി ഷിനുവുമാണ് ആക്രമണത്തിൽനിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റവർ സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും പ്ലംബിങ് ജോലിക്കായാണ് വീടെടുത്ത് താമസിക്കുന്നതെന്നുമാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ വീട് വാടകയ്ക്കെടുത്ത ആളുകളല്ല ഇവിടെ താമസിച്ചിരുന്നതെന്ന് കെട്ടിട ഉടമ പോലീസിനോടു പറഞ്ഞു. ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. അക്രമികളെക്കുറിച്ചോ, ആക്രമണത്തിലേക്ക്‌ നയിച്ച കാരണങ്ങളെക്കുറിച്ചൊ വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരത്തി‌ന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ പ്രതികൾക്കായി കോട്ടയവും ഏറ്റുമാനൂരുമുൾപ്പെടെ പോലീസ് അരിച്ചുപെറുക്കുകയാണ്.കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിലെ പോലീസ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. സംഭവത്തിൽ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ചില വീടുകളിൽ രാത്രി പോലീസെത്തി പരിശോധന നടത്തിയെങ്കലും ആരെയും പിടികൂടാനായില്ല. കോട്ടയം ഡിവൈ.എസ്.പി. എം.അനിൽകുമാർ, കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.എസ്.വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.


from mathrubhumi.latestnews.rssfeed https://ift.tt/2UVZZU9
via IFTTT