Breaking

Monday, June 28, 2021

നിര്‍ണായക മത്സരത്തില്‍ പെറുവിനോട് തോല്‍വി വഴങ്ങി വെനസ്വേല ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ബ്രസീലിയ: കോപ്പ അമേരിക്കയിൽ നിന്നും വെനസ്വേല പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ പെറുവിനോട് തോൽവി വഴങ്ങിയതോടെയാണ് വെനസ്വേല ക്വാർട്ടർ കാണാതെ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിന്റെ വിജയം. പെറുവിനായി 48-ാം മിനിട്ടിൽ ആന്ദ്രെ കാറിയോയാണ് വിജയഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. കോർണർ തടയുന്നതിൽ വെനസ്വേല പ്രതിരോധം വരുത്തിയ പിഴവിൽ നിന്നും പന്ത് സ്വീകരിച്ച കാറിയോ അനായാസം ലക്ഷ്യം കണ്ടു.മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പെറു കാഴ്ചവെച്ചത്. വിജയം നേടിയാൽ മാത്രമായിരുന്നു വെനസ്വേലയ്ക്ക് ക്വാർട്ടർ ഫൈനൽ സാധ്യതയുണ്ടായിരുന്നത്. വെനസ്വേലയുടെ ഗോൾകീപ്പർ ഫാരിനെസ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പെറു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയുമടക്കം 7 പോയന്റുകൾ പെറു സ്വന്തമാക്കി. നാലുമത്സരങ്ങളിൽ നിന്നും ഒരു വിജയം പോലും നേടാനാകാതെ വെറും രണ്ട് പോയന്റുകൾ മാത്രമാണ് വെനസ്വേലയ്ക്ക് നേടാനായത്. കോവിഡ് രോഗം മൂലം ടീമിലെ പ്രധാന 12 താരങ്ങളില്ലാതെയാണ് വെനസ്വേല കോപ്പ അമേരിക്കയിൽ കളിക്കാനിറങ്ങിയത്. ഗ്രൂപ്പ് ബി യിൽ നിന്നും പെറുവിനെക്കൂടാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. Content Highlights: Peru vs Venazuela Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3h1uYXr
via IFTTT