ന്യൂഡൽഹി: വികസനത്തിനായി എല്ലാവരും കൃത്യമായി നികുതിയടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. താനും നികുതിയടയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഝിൻഝക് റെയിൽവേസ്റ്റേഷനിൽനടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ''ചിലപ്പോൾ തീവണ്ടി ഒരു പ്രത്യേക സ്റ്റേഷനിൽ നിർത്തിയില്ലെങ്കിൽ ദേഷ്യംപിടിച്ച് നമ്മളത് നിർത്തിക്കും. ചിലപ്പോൾ അതിന് തീയുംകൊളുത്തും. തീവണ്ടി കത്തിച്ചാൽ ആർക്കാണ് നഷ്ടം? ആളുകൾ പറയും അത് സർക്കാരിന്റെ സ്വത്തല്ലേയെന്ന്. നികുതിദായകരുടെ പണമാണത്... സർക്കാരിൽ ഏറ്റവുമധികം ശമ്പളം കിട്ടുന്നയാളാണ് രാഷ്ട്രപതി. അദ്ദേഹവും നികുതികൊടുക്കുന്നുണ്ട്. എല്ലാ മാസവും രണ്ടേമുക്കാൽ ലക്ഷം രൂപയാണ് നികുതികൊടുക്കുന്നത്. എല്ലാവരും പറയുന്നു എനിക്ക് അഞ്ചുലക്ഷം രൂപ ശമ്പളം കിട്ടുന്നുണ്ടെന്ന്. പക്ഷേ, അതിനും നികുതിയുണ്ട്'' -അദ്ദേഹം പറഞ്ഞു. ''ബാക്കി എത്രയുണ്ടാവും? ഞാൻ മിച്ചം പിടിക്കുന്നതെത്രയാണോ അതായിരിക്കും എന്റെ സമ്പാദ്യം. നമ്മുടെ ഉദ്യോഗസ്ഥർ അതിലും കൂടുതൽ സമ്പാദിക്കുന്നുണ്ട്. ഇവിടെ അധ്യാപകരുണ്ട്, അവർക്കാണ് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത്'' -രാഷ്ട്രപതി ചിരിച്ചുകൊണ്ടു പറഞ്ഞു. ''ഞാൻ ഇതെല്ലാം പറയുന്നത് ഈ നികുതികളാണ് വികസനം കൊണ്ടുവരുന്നത് എന്നു പറയാനാണ്'' -അദ്ദേഹം പറഞ്ഞു. content highlights: president ramnath kovind on salary
from mathrubhumi.latestnews.rssfeed https://ift.tt/2Tfejq9
via
IFTTT