Breaking

Sunday, June 27, 2021

പാർട്ടി ‘സ്‌ക്രൂട്‌നി’ കഴിഞ്ഞില്ല; മന്ത്രിമാർക്ക് സ്റ്റാഫുകളായില്ല

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒന്നരമാസമാകാറായിട്ടും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം പൂർണമായില്ല. സ്റ്റാഫുകളുടെ നിയമനത്തിൽ പാർട്ടി പരിശോധന വേണമെന്ന് സി.പി.എം. തീരുമാനിച്ചിരുന്നു. ഇത് പൂർത്തിയാകാത്തതാണ് നിയമനം വൈകാൻ കാരണമെന്നാണ് വിവരം. മന്ത്രിമാർ നിർദേശിച്ച ചില സ്റ്റാഫുകളെ നിയമിക്കുന്നതിന് പാർട്ടി വിലക്കിടുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽനിന്നാണ് നിയമിക്കുന്നത്. ഇതനുസരിച്ച് എല്ലാമന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിമാരെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിയമനമായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കഴിഞ്ഞ ദിവസമാണ് പ്രൈവറ്റ് സെക്രട്ടറിയെ ലഭിച്ചത്. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി ബാബുജാനെയാണ് പാർട്ടി ആദ്യം നിശ്ചയിച്ചത്. സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച മനു സി. പുളിക്കനെ നിയമിച്ചതിനാൽ ആലപ്പുഴയിൽനിന്ന് രണ്ടുപേരെ വിട്ടുനൽകുന്നത് ബുദ്ധിമുട്ടാണെന്നുകണ്ട് ബാബുരാജന് പകരം കോട്ടയം ജില്ലയിൽനിന്നുള്ള അഡ്വ. ഷാനവാസിനെ നിയമിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിനും പ്രൈവറ്റ് സെക്രട്ടറിയായിട്ടില്ല. മന്ത്രിമാരുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമുതൽ മുകളിലോട്ടുള്ള എല്ലാ നിയമനത്തിനും സ്പെഷൽ ബ്രാഞ്ച് പോലീസ് പരിശോധന നടത്തുന്നുണ്ട്. ഈ ഫയൽ മുഖ്യമന്ത്രിക്കും പോകണം. ഇത് രണ്ടിലുമുള്ള 'ക്ലിയറൻസ്' കിട്ടിയാലാണ് നിയമന ഉത്തരവ് ഇറങ്ങുന്നത്. മന്ത്രി വീണാ ജോർജിന്റെ പി.ആർ.ഒ. ചുമതലയിൽ ചാനൽ രംഗത്തെ പഴയ സഹപ്രവർത്തകയെ നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിലടക്കം വീണയ്ക്കുവേണ്ടി ഇവർ സാമൂഹികമാധ്യമങ്ങളിലടക്കമുള്ള പ്രചാരണച്ചുമതല ഏറ്റെടുത്തതാണ്. പാർട്ടി പരിശോധനയില്ലാതെവന്ന സ്റ്റാഫ് വേണ്ടെന്ന് പിന്നീട് സി.പി.എം. മന്ത്രിയെ അറിയിച്ചു. ഇതോടെ ഇവരെ ഒഴിവാക്കി. വനിതാ കമ്മിഷനിൽ പുതുമുഖം : എം.സി. ജോസഫൈൻ രാജിവെച്ച ഒഴിവിലേക്ക് പാർട്ടി നേതൃത്വത്തിലുള്ള വനിതകൾക്ക് പകരം പുതുമുഖത്തെ പരിഗണിച്ചേക്കും. അഭിഭാഷകരായ യുവതികളിലൊരാളെ അധ്യക്ഷയാക്കാനുള്ള സാധ്യതയാണ് നേതാക്കൾ നൽകുന്നത്. പാർട്ടിയുടെ യുവനേതൃത്വത്തിൽനിന്നാകും പുതിയ വനിതാ കമ്മിഷൻ അധ്യക്ഷയെന്നും സൂചനയുണ്ട്. നിലവിലെ എല്ലാ ബോർഡ്, കോർപ്പറേഷൻ, കമ്മിഷൻ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും. സ്ഥാനങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് മുന്നണിയിൽ തീരുമാനമായിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2Ua7whK
via IFTTT