Breaking

Saturday, June 26, 2021

നവജാതശിശു മരിച്ചസംഭവം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളുടെ ആത്മഹത്യ, ദുരൂഹതകളൊഴിയുന്നില്ല

ചാത്തന്നൂർ :കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചതിന് അമ്മ രേഷ്മ അറസ്റ്റിലായതിൽത്തന്നെ പല ചോദ്യങ്ങൾക്കും ഉത്തരമായിട്ടില്ല. വിവരശേഖരണത്തിനായി പോലീസ് വിളിപ്പിച്ചതിനെത്തുടർന്ന് രണ്ടു യുവതികൾ ആത്മഹത്യചെയ്തതോടെ ആശയക്കുഴപ്പം വർധിച്ചിരിക്കുകയാണ്. പ്രസവിച്ചയുടൻ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മതന്നെ അടുത്തദിവസം രാവിലെ ഏതോ ചോരക്കുഞ്ഞ് ഇവിടെ കിടക്കുന്നതായി പറയുന്നു. തന്റെ കുഞ്ഞാണെന്ന് അറിയാതെ അച്ഛൻതന്നെ പൊക്കിൾക്കൊടി മുറിക്കുന്നു. മണിക്കൂറുകളോളം കുഞ്ഞ് സ്വന്തംവീട്ടിൽ അച്ഛനും അമ്മയും അടക്കമുള്ളവർക്കുമുന്നിൽ സഹതാപംപറ്റി കിടക്കുന്നു. പ്രസവിച്ചു മണിക്കൂറുകൾ കഴിഞ്ഞതേയുള്ളെങ്കിലും അതിന്റെ ഒരു ക്ഷീണവുമില്ലാതെ അമ്മതന്നെ പോലീസിനും ചാനലുകൾക്കും ബന്ധുക്കൾക്കും മുന്നിൽ കുഞ്ഞിനെ കിട്ടിയകഥ പൊടിപ്പുംതൊങ്ങലും ചേർത്ത് പറയുന്നു. ജനുവരിയിലെ ഈ സംഭവങ്ങൾകേട്ടാൽ സിനിമാക്കഥപോലെ തോന്നും. ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു അമ്മ രേഷ്മ(22)യുടെ മൊഴി. ഒൻപതുമാസത്തെ ഗർഭം വീട്ടുകാരെയും ഭർത്താവിനെയും ഒളിപ്പിച്ചതെങ്ങനെയെന്ന് പോലീസ് സംശയിക്കുന്നു. ഈ വിവരങ്ങൾ രേഷ്മയുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമായ ആര്യക്കും ഗ്രീഷ്മയ്ക്കും അറിയാമായിരുന്നോയെന്ന വിവരം തേടാനാണ് പോലീസ് വിളിപ്പിച്ചത്. യുവതികൾ മരിച്ചതോടെ ഈ വഴിക്കുള്ള അന്വേഷണം മുടങ്ങി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ശാസ്ത്രീയപരിശോധനകളും അന്വേഷണങ്ങളും നടത്തവേ തന്നെയും പരിശോധിക്കണമെന്ന് രേഷ്മതന്നെയാണ് ആവശ്യപ്പെട്ടത്. ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയയാക്കുമ്പോഴും പ്രതി ഉത്സാഹത്തോടെ സഹകരിക്കുകയായിരുന്നു. ഒടുവിൽ അറസ്റ്റിലായപ്പോൾ കുറ്റംസമ്മതിക്കുകയും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് സത്യംചെയ്യുകയും ചെയ്തു. ഫെയ്സ്ബുക്ക് കാമുകനൊപ്പം പോകാനായി കുഞ്ഞിനെ കൊന്നതാണെന്നും വെളിപ്പെടുത്തി. രേഷ്മ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കുടുംബത്തിനൊന്നടങ്കം കോവിഡ് പോസിറ്റീവ് ആയതിനാൽ ചോദ്യംചെയ്യൽ തടസ്സപ്പെട്ടിരിക്കുകയാണിപ്പോൾ. യുവതികൾ ആറ്റിൽ മരിച്ചനിലയിൽ കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ ബന്ധുക്കളായ രണ്ടുയുവതികളെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൊഴിയെടുക്കാൻ പോലീസ് വിളിച്ചതിനെത്തുടർന്ന് ഇവരെ കാണാതാകുകയായിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ടുവീട്ടിൽ രൺജിത്തിന്റെ ഭാര്യ ആര്യ (23), വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകൾ ഗ്രീഷ്മ (ശ്രുതി-21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രസവിച്ചയുടൻ കുഞ്ഞിനെ ഊഴായ്ക്കോട്ടുള്ള വീട്ടുവളപ്പിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ ഡി.എൻ.എ. പരിശോധനയിലൂടെയാണ് രേഷ്മയാണ് അമ്മയെന്ന് പോലീസ് കണ്ടെത്തിയത്. ഇവർ റിമാൻഡിലാണ്. ഇതിന്റെ തെളിവെടുപ്പിനായി ആര്യയും രൺജിത്തും വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാരിപ്പള്ളി സ്റ്റേഷനിൽ എത്തണമെന്ന് പോലീസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആര്യയെയും ഗ്രീഷ്മയെയും കാണാതായി. തങ്ങൾ പോകുകയാണെന്നുകാട്ടി യുവതികൾ തയ്യാറാക്കിയ കത്ത് ഉച്ചയോടെ രൺജിത്തിന്റെ വീട്ടുകാർക്കു കിട്ടി. വെള്ളിയാഴ്ച രാവിലെമുതൽ സ്കൂബ ടീം ഉൾപ്പെടെയുള്ളവർ നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഒരുമണിയോടെ മീനാട് കാഞ്ഞിരംകടവിനു സമീപത്തുനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തു. വൈകീട്ട് നാലുമണിയോടെ ഇത്തിക്കര പാലത്തിനുനടുക്കുള്ള തൂണിൽ തടഞ്ഞനിലയിൽ ഗ്രീഷ്മയുടെ മൃതദേഹവും കിട്ടി. ആത്മഹത്യക്കുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. ഇവരുടെകൂടി മൊഴി രേഖപ്പെടുത്തി മുന്നോട്ടുപോകാനുള്ള പോലീസിന്റെ നീക്കവും ഇതോടെ തടസ്സപ്പെട്ടു. രേഷ്മ ഉപയോഗിച്ചിരുന്ന ഫോണിന്റെ സിം കാർഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുസംബന്ധിച്ചുള്ള വിവരശേഖരണത്തിനാണ് ആര്യയും ഭർത്താവും ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. യുവതികൾ വ്യാഴാഴ്ച ഉച്ചയ്ക്ക് കല്ലുവാതുക്കലിൽനിന്ന് കൊല്ലം ഭാഗത്തേക്ക് ബസിൽ കയറിപ്പോകുന്നത് കണ്ടതായി അറിഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈൽ ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ ഇത്തിക്കര മാടൻനട ഭാഗവും ഇത്തിക്കര കൊച്ചുപാലവും പരിസരവുമാണെന്ന് വ്യക്തമായി. ഇത്തിക്കര പാലത്തിലെ സി.സി.ടി.വി.ക്യാമറയിൽ യുവതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതോടെയാണ് ആറ്റിൽ തിരച്ചിൽ നടത്താൻ പോലീസ് തീരുമാനിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആര്യയുടെ മകൻ അർജിത്ത് (ജിത്തു). ഗ്രീഷ്മയുടെ സഹോദരി രേഷ്മ. ബിരുദവിദ്യാർഥിനിയായിരുന്നു ഗ്രീഷ്മ. ചാത്തന്നൂർ എ.സി.പി. വൈ.നിസാമുദ്ദീൻ, ഐ.എസ്.എച്ച്.ഒ.മാരായ അനീഷ്, ടി.സതികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരവൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്നെത്തിയ സ്കൂബ ടീമും ചേർന്നാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ജനുവരി നാലിന് രാത്രി വീടിനുപുറത്തെ ശൗചാലയത്തിൽ പ്രസവിച്ച രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തിൽ ജനുവരി അഞ്ചിന് പുലർച്ചെയാണ് ആൺകുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. സാഹചര്യത്തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകുന്നതിനായി നവജാതശിശുവിനെ ഉപേക്ഷിച്ചെന്നാണ് രേഷ്മയുടെ മൊഴി.


from mathrubhumi.latestnews.rssfeed https://ift.tt/3A2IFwq
via IFTTT