ആലപ്പുഴ: എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ വിവാദഭൂമിയിടപാടിൽ ഗുരുതരപിഴവെന്നു ധനകാര്യ ഓഡിറ്റിങ് സ്ഥാപനമായ കെ.പി.എം.ജി.യുടെ ഫൊറൻസിക് റിപ്പോർട്ട്. വിലനിശ്ചയിച്ചതുമുതൽ അടിമുടി പിഴവുപറ്റി. ഒട്ടും സുതാര്യമല്ലാതെയാണ് ഇടപാടുകൾ നടന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 2013 ഏപ്രിൽ ഒന്നുമുതൽ 2018 മാർച്ച് 31 വരെയുള്ള സാമ്പത്തിക ഇടപാടുകളാണു പരിശോധിച്ചത്. ഭൂമിയിടപാട് അന്താരാഷ്ട്ര ഏജൻസിയെക്കൊണ്ടു പരിശോധിപ്പിക്കണമെന്നു വത്തിക്കാൻ നിർദേശിച്ചതനുസരിച്ചാണു കെ.പി.എം.ജി.യെ ചുമതലപ്പെടുത്തിയത്. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പ്രധാനവീഴ്ചകൾ:- 1. കാനോനിക സമിതികളുടെ അംഗീകാരം നേടിയില്ല. 2. ഇടനിലക്കാരെ നിശ്ചയിച്ചതിൽ സുതാര്യതയില്ല. 3. എറണാകുളം നഗരത്തിൽ അഞ്ചിടത്തെ സ്ഥലത്തിനുംകൂടി ശരാശരിവില നിശ്ചയിച്ചതിൽ യുക്തിയില്ല. 4. സ്ഥലത്തിന്റെ വിലസംബന്ധിച്ച് സ്വതന്ത്രമായ മൂല്യനിർണയം നടത്തിയില്ല. 5. നിശ്ചയിച്ച നിരക്കിനെക്കാൾ കുറഞ്ഞവിലയ്ക്കാണു വിൽക്കുന്നതെന്നകാര്യം കാനോനികസമിതികളെ അറിയിച്ചില്ല. 6. വാങ്ങുന്നവരെക്കുറിച്ച് ഒരന്വേഷണവും നടത്തിയില്ല. സെന്റിന് 9.05 ലക്ഷം രൂപയ്ക്കാണ് ഇടപാടു നടത്തിയത്. അഞ്ചിടത്തായി മൂന്നേക്കറോളം വിറ്റപ്പോൾ 27 കോടി കിട്ടേണ്ടതായിരുന്നു. എന്നാൽ, 13 കോടിയോളമേ അക്കൗണ്ടിലെത്തിയുള്ളൂ. ഇതാണ് വൻവിവാദമായതും അന്വേഷണങ്ങളിലേക്കുനയിച്ചതും. കോതമംഗലത്ത് കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിൽ സ്ഥലംവാങ്ങിയതിലും ഇടനിലക്കാരൻ സാജു കുന്നേലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും നടത്തിയ ആശയവിനിമയത്തിലും സുതാര്യതക്കുറവുണ്ട്. അടുത്തകാലത്ത് പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നു പറയുമ്പോഴും ഫോൺരേഖകൾ മറിച്ചാണ്. താൻ കുറച്ചുകൂടി ജാഗ്രത കാട്ടിയിരുന്നെങ്കിൽ അതിരൂപതയ്ക്കുണ്ടായനഷ്ടം കുറയുമായിരുന്നെന്നു കർദിനാൾ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയിച്ചവില അക്കൗണ്ടിലേക്കു വരാഞ്ഞപ്പോൾ കാരണമന്വേഷിച്ചിരുന്നു. നോട്ടുനിരോധനം, ചില രേഖകൾ ഇല്ലാത്തതു തുടങ്ങിയകാരണങ്ങളാണ് ഇടപാടിനു നേതൃത്വംനൽകിയ പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയും ഇടനിലക്കാരൻ സാജു കുന്നേലും പറഞ്ഞത്. ഫാ. ജോഷി ഉത്തരവാദിത്വങ്ങളിൽ വീഴ്ചവരുത്തി. അദ്ദേഹം എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കരുതുന്നില്ല. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും പ്രൊക്യുറേറ്ററും എല്ലാം നന്നായിനടത്തുമെന്നാണു താൻകരുതിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്ഥലംവാങ്ങിയവരെ കണ്ടിട്ടില്ലെന്നും വില നിശ്ചയിച്ചതു സാജുവാണെന്നുമാണ് ഫാ. പുതുവ നൽകിയമൊഴി. എന്നാൽ, ഇടപാടുകാരെ അതിരൂപതയ്ക്കു പരിചയപ്പെടുത്തുകമാത്രമേ ചെയ്തിട്ടുള്ളുവെന്നാണു സാജു പറഞ്ഞിരിക്കുന്നത്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന് അധികാരമുണ്ടായിട്ടും ഭൂമിയിടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ചോദ്യംചെയ്തില്ലെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, പണത്തിനുപകരമായി കോട്ടപ്പടിയിലെ ഭൂമി വാങ്ങാമെന്ന നിർദേശത്തെ താൻ ശക്തമായി എതിർത്തിരുന്നുവെന്നു മാർ എടയന്ത്രത്ത് മൊഴിനൽകിയിട്ടുണ്ട്. എങ്കിലും കർദിനാളിന്റെ നിർദേശപ്രകാരമാണ് ഇതിന്റെ അംഗീകാരത്തിനായി ഫാ. പുതുവയ്ക്ക് ഇ-മെയിൽ അയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. Content Highlight: KPMG report against land deal by Ernakulam-Angamaly Archdiocese
from mathrubhumi.latestnews.rssfeed https://ift.tt/2T07pVO
via
IFTTT