മിനിയാപോളിസ്: യു.എസിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി കൊന്ന മുൻ പോലീസുകാരൻ ഡെറിക് ഷോവിന് 22.5 വർഷം തടവുശിക്ഷ. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റർ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്ലോയ്ഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. ഷോവിൻ കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. 2020 മേയ് 25-നാണ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകൾ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിൻ ഫ്ളോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടർന്ന് കാൽമുട്ടുകൾകൊണ്ട് കഴുത്തിൽ ശക്തമായി അമർത്തി. എട്ടുമിനിറ്റും 46 സെക്കൻഡും ഷോവിന്റെ കാൽമുട്ടുകൾ ഫ്ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എനിക്ക് ശ്വാസംമുട്ടുന്നു എന്ന ഫ്ലോയ്ഡിന്റെ അവസാനനിലവിളി മുദ്രാവാക്യമാക്കി യു.എസിലെങ്ങും പ്രതിഷേധം ശക്തമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3df1qmN
via
IFTTT