കൊച്ചി : 'ഓലമടലെൻ സമരായുധം...' ലക്ഷദ്വീപ് ജനതയുടെ പുതിയ മുദ്രാവാക്യമിതാണ്. തിങ്കളാഴ്ച പറമ്പിൽ ഓലമടലുകൾ കൂട്ടിയിട്ട് അതിനു മീതെ കിടന്ന് ലക്ഷദ്വീപുകാർ സമരം ചെയ്യും. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതുയിടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേയാണ് സമരം. 'ലക്ഷദ്വീപ് ഖരമാലിന്യ സംസ്കരണ നിയമം 2018'-ന്റെ ചുവടുപിടിച്ചാണ് ഭരണകൂടം ഉത്തരവിറക്കിയത്. എന്നാൽ, മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനമൊന്നും ഒരുക്കിയതുമില്ല. സേവ് ലക്ഷദ്വീപ് ഫോറമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഓലമടലുകൾ കത്തിക്കരുതെന്ന ഓർമപ്പെടുത്തലും ഒപ്പമുണ്ട്. ഓലമടൽ കത്തിച്ചാൽ പരിസരമലിനീകരണത്തിന്റെ പേരിൽ നടപടി ഉണ്ടാകാനിടയുണ്ടെന്നതിനാലാണിത്. ഓലമടലുൾപ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാത്തവിധം ഭൂവുടമ തന്നെ ശാസ്ത്രീയമായി സംസ്കരിക്കണമെന്നാണ് ഭരണകൂട ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാൽ 200 രൂപയായിരിക്കും പിഴ. 500 മുതൽ 5000 രൂപവരെയാണ് മറ്റ് പിഴത്തുകകൾ നിശ്ചയിച്ചിരിക്കുന്നത്. തെങ്ങുനിറഞ്ഞ ലക്ഷദ്വീപിൽ ഈ ഉത്തരവ് പ്രായോഗികമല്ലെന്ന് ദ്വീപുനിവാസികൾ പറയുന്നു. ജൈവമാലിന്യം ശേഖരിക്കുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷമാണ് ഉത്തരവിറക്കിയതെന്നും ദ്വീപുകാർ ആരോപിക്കുന്നു. Content Highlight: Olamadal samarayudham by Lakshadweep
from mathrubhumi.latestnews.rssfeed https://ift.tt/3x1uVAj
via
IFTTT