തൊടുപുഴ: 24 ദിവസത്തെ ചികിത്സയ്ക്കുശേഷം അജീഷ് പോൾ വീടിന്റെ തണലിലേക്ക് തിരിച്ചെത്തി. പ്രാർഥനകളുമായി കാത്തിരുന്ന മാതാപിതാക്കൾ നിറകണ്ണുകളുമായി മകനെ സ്വീകരിച്ചു. കല്ലുകൊണ്ട് ഇടിയേറ്റ തലയിൽ മുറിവുകൾ ബാക്കിയുണ്ടെങ്കിലും അജീഷ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസമായിരുന്നു എല്ലാവരുടെയും മുഖത്ത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ആശുപത്രിയിൽനിന്ന് വീടുവരെ അജീഷിന് ഒപ്പമുണ്ടായിരുന്നു. എന്നും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്നാണ് അവർ മടങ്ങിയത്.മുഖാവരണം ധരിക്കാത്തത് ചോദ്യംചെയ്തതിന് മറയൂരിൽവെച്ച് ജൂൺ ഒന്നിനാണ് അക്രമി, സിവിൽ പോലീസ് ഓഫീസറായ അജീഷ് പോളിനെ ആക്രമിച്ചത്. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ അജീഷ് അതീവഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു. സങ്കീർണമായ ശസ്ത്രക്രിയകൾക്കൊടുവിലാണ് ഡോക്ടർമാർ അജീഷിന്റെ ജീവിതം തിരിച്ചുപിടിച്ചത്.ഇപ്പോൾ മറ്റ് പ്രശ്നങ്ങളില്ലെങ്കിലും ഓർമ പൂർണമായി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ചില സഹപ്രവർത്തകരെയൊക്കെ തിരിച്ചറിയാൻ അജീഷിന് കഴിയുന്നുണ്ട്.ആശുപത്രി കിടക്കയിൽനിന്ന് വീട്ടിലേക്ക് പുറപ്പെടുംമുൻപ്, മന്ത്രി പി.രാജീവ് അജീഷിനെ സന്ദർശിച്ചു. സർക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സഹപ്രവർത്തകന്റെ ജീവനുവേണ്ടി കരുതലോടെ നിന്ന പോലീസ് സംഘടനാ ഭാരവാഹികളെ അദ്ദേഹം അഭിനന്ദനമറിയിച്ചു. അജീഷിന് ഓർമ വീണ്ടെടുക്കാൻ ഇനിയും ചികിത്സ വേണ്ടിവരും.
from mathrubhumi.latestnews.rssfeed https://ift.tt/3xNpjK3
via
IFTTT