Breaking

Sunday, June 27, 2021

രാമനാട്ടുകര അപകടം: അമ്പതോളം വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു

കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തുകേസിൽ അമ്പതോളം വാഹനങ്ങളുടെ വിശദാംശങ്ങൾ പോലീസ് അന്വേഷിക്കുന്നു. അപകടംനടന്ന കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലും പരിസരത്തും ഉണ്ടായിരുന്ന വാഹനങ്ങളെക്കുറിച്ചാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നിലവിൽ നാലുവാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെർപ്പുളശ്ശേരി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഫറോക്ക് പോലീസ് ആണ് സംഭവദിവസം കസ്റ്റഡിയിൽ എടുത്തത്. പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട ചെർപ്പുളശ്ശേരി സംഘത്തിന്റെ കാർ വല്ലപ്പുഴയിൽനിന്ന് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞദിവസം അറസ്റ്റുചെയ്ത ഫിജാസിൽനിന്ന് രണ്ട് വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവദിവസം കോഴിക്കോട്‌ വിമാനത്താവളത്തിലെയും പതിനൊന്നാം മൈലിലെയും ക്യാമറകളിൽ പതിഞ്ഞ, സംശയമുള്ള വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൂടാതെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ യുവാക്കളുടെ വാട്‌സാപ്പ് സന്ദേശങ്ങളിൽ സൂചിപ്പിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുക്കും. 18 വാഹനങ്ങൾക്ക് നേരിട്ടു ബന്ധമുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യകണ്ണി അർജുൻ ആയങ്കി കരിപ്പൂരിലെത്തിയ കാറും ഇതിൽ ഉൾപ്പെടും. കൂടാതെ മഞ്ചേരിയിൽ നിന്നടക്കമുള്ള വാഹനങ്ങൾ സംഭവവുമായി ബന്ധപ്പെട്ടിട്ട് കരിപ്പൂരിലുണ്ടായിരുന്നതായാണ് സൂചന. കള്ളക്കടത്ത് സംഘവും തട്ടിയെടുക്കാനെത്തിയ സംഘവും വലിയ തയ്യാറെടുപ്പോടെയാണ് തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാമനാട്ടുകര അപകടത്തിനു ശേഷം വിമാനത്താവളറോഡിൽ രാത്രി 11-നു ശേഷം പരിശോധന നടത്തിയാണ് പോലീസ് വാഹനങ്ങൾ കടത്തിവിടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3x2o8Gx
via IFTTT