Breaking

Sunday, June 27, 2021

കോവിഡ് രോഗസ്ഥിരീകരണനിരക്കിൽ മാറ്റമില്ല; നിയന്ത്രണങ്ങൾ തുടർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള നിരക്ക് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്നയോഗം അവലോകനംചെയ്യും. അതിനുശേഷം കൂടുതൽ ഇളവ് നൽകണമോയെന്ന് തീരുമാനിക്കും. രോഗസ്ഥിരീകരണനിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടരേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച കൂടുതൽപേർക്ക് പ്രവേശിക്കാനും പ്രാർഥന നടത്തുന്നതിനും അനുമതിവേണമെന്ന് വിവിധ സഭാനേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇളവ് അനുവദിച്ചിട്ടില്ല. 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. അതുതന്നെ ഞായറാഴ്ചയും തുടരും. ശനിയാഴ്ച ചേർന്ന അവലോകനയോഗത്തിൽ രോഗവ്യാപന, സ്ഥിരീകരണനിരക്കുകൾ വിലയിരുത്തി. രോഗസ്ഥിരീകരണനിരക്ക് കൂടിയ തദ്ദേശസ്ഥാപനങ്ങളിൽ പരിശോധന വർധിപ്പിക്കാൻ നിർദേശിച്ചു. 313 തദ്ദേശസ്ഥാപനങ്ങളിലാണ് രോഗസ്ഥിരീകരണനിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ളത്. രണ്ടാംതരംഗത്തിൽ 28 ശതമാനത്തിന് മുകളിൽപോയ ടി.പി.ആർ. നിരക്ക് ഈമാസം 17-ഓടെയാണ് 10 ശതമാനത്തിലെത്തിയത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 10.37 ശതമാനമാണ്. രണ്ടാംതരംഗത്തിന്റെ വ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് പ്രതിവാര ശരാശരിനിരക്കുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3qulbwb
via IFTTT