Breaking

Saturday, June 26, 2021

സൈബറിടത്തിലെ അരാജകത്വം വിനയാകുന്നു

കണ്ണൂർ: സൈബറിടത്തിൽ രാഷ്ട്രീയപ്രചാരണ കാപ്‌സ്യൂളുകളെ ജനപ്രിയമാക്കുന്നതിനിടയിൽ സംഭവിക്കുന്ന അരാജകത്വം വിനയാകുന്നത് തിരിച്ചറിഞ്ഞ് സി.പി.എം. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സാമൂഹികമാധ്യമ ഇടപെടലിന് ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞത് സൈബർ പോര് അരാജകമാകുന്നുവെന്ന് വ്യക്തമായതിനെ തുടർന്നാണ്. ഹവാല-സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളിലെ ചിലർ പാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് തിരിച്ചടിയായതാണ് തുറന്നുപറച്ചിലിനിടയാക്കിയത്. അതേസമയം സി.പി.എമ്മിന്റെ സൈബർ പോരാളികൾ മുഖ്യമന്ത്രി പിണറായി വിജയന്റെപേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും തടയാൻ ശ്രമമുണ്ടായിട്ടില്ല. ചീഫ് മിനിസ്റ്റർ ഓഫ് കേരള പിണറായി വിജയൻ എന്ന പേരിൽ അഞ്ചുവർഷമായി പ്രവർത്തിക്കുന്ന അക്കൗണ്ടിന് 2.61 ലക്ഷം ഫോളോവേഴ്സാണുള്ളത്. ഗ്രൂപ്പിൽ വെള്ളിയാഴ്ച വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈനെതിരായ പോർവിളിയാണ് നിറഞ്ഞത്. ‘തമ്പുരാട്ടിഭരണമൊക്കെ വീട്ടിൽവെച്ചാൽ മതി, ഇത് നട്ടെല്ലുള്ളവർ ഭരിക്കുന്ന നാടാണ്, ചവിട്ടി പുറത്താക്കേണ്ട സമയം അതിക്രമിച്ചു, ഒഴിവാക്കിയാൽ പോരാ ശന്പളം തിരിച്ചുപിടിക്കണം’ തുടങ്ങി അഭിപ്രായങ്ങളും അശ്ലീലങ്ങളും നിറഞ്ഞ പോസ്റ്റുകളാണ് ഗ്രൂപ്പിൽ നിറഞ്ഞത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്തേണ്ട കാര്യങ്ങളാവണം പോസ്റ്റ് ചെയ്യേണ്ടതെന്ന ആമുഖത്തോടെ ഗ്രൂപ്പുണ്ടാക്കിയത് 2016 ജൂൺ രണ്ടിനാണ്. സൈബറിടത്തിലും ക്വട്ടേഷൻ സംഘങ്ങൾരാമനാട്ടുകര ക്വട്ടേഷൻ കേസിലെ പ്രധാനിയാണെന്ന് കരുതുന്ന അഴീക്കോട്ടെ അർജുൻ ആയങ്കി വ്യാഴാഴ്ച ഫെയ്സ്ബുക്കിൽ എഴുതിയത് യാതൊരു ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെയാണ് പ്രസ്ഥാനത്തിനുവേണ്ടി ആശയപ്രചാരണം നടത്തുന്നതെന്നാണ്. മൂന്നുവർഷമായി സി.പി.എമ്മുമായി ബന്ധമില്ലെന്ന് പോസ്റ്റിൽ പറയുന്ന അർജുൻ തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ പാർട്ടിക്ക് ബാധ്യതയില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. ഇത്തരക്കാരുമായുള്ള ബന്ധം വിച്ഛേദിക്കാൻ പാർട്ടി നിർബന്ധിതമായിട്ടും അവർ സാമൂഹിക മാധ്യമങ്ങളിൽ കടുംചുവപ്പ് ധരിച്ച് പ്രത്യക്ഷപ്പെടുന്നതിനുപിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും സൈബർ പോരാളികളാണെന്ന് ബോധ്യപ്പെടുത്താൻ കടുംചുവപ്പുടുത്ത് നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്ക് ഇപ്പോൾ സി.പി.എമ്മുമായി ബന്ധമില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് പാർട്ടി നേതൃത്വം പറയുന്നത്. അരലക്ഷത്തിലധികം ഫോളോവേഴ്സുള്ള ആകാശ് എഫ്.ബി. മുഖവാചകമായി എഴുതിയത് ‘തെരുവേ നീയൊരു ചിത്രം വരക്കുക, ചോരയിൽത്തന്നെ, അനീതിയുടെ കാലം അന്യമാകും വരെ’ എന്നാണ്...


from mathrubhumi.latestnews.rssfeed https://ift.tt/2UGcGCg
via IFTTT