Breaking

Wednesday, June 30, 2021

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പിടിച്ചത് 100 കിലോയിലധികം സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ഇതുവരെ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 100 കിലോയിലധികം സ്വർണം. ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തത് കൂടാതെയാണിത്. കസ്റ്റംസിന്റെയും മറ്റും കണ്ണുവെട്ടിച്ച് കടത്തിയ സ്വർണത്തിന്റെ കണക്ക് ഇതിന്റെ പലമടങ്ങ് വരുമെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു. അധികം പിടിയിലാകാറില്ലെങ്കിലും സ്ത്രീകളെ ഉപയോഗിച്ചാണ് വൻതോതിൽ സ്വർണം കടത്തുന്നതെന്ന് കസ്റ്റംസ് പറയുന്നു. സന്ദർശകവിസയിൽ ഗൾഫ് രാജ്യങ്ങളിൽ പോയിവരുന്ന കാരിയർമാർ വഴിയാണ് കൂടുതലും സ്വർണം കടത്തുന്നത്.കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റചെയ്ത അർജുൻ ആയങ്കിയുടെ സംഘത്തിനുവേണ്ടി കണ്ണൂർ വിമാനത്താവളംവഴിയും കടത്ത് നടന്നിട്ടുണ്ടെന്നാണ് സൂചന. മാസങ്ങൾക്കുമുൻപ് ഇരിട്ടിയിൽ ഒരു മുൻ എസ്.ഡി.പി.ഐ. പ്രവർത്തകനെ ചിലർ കോവിഡ് ആംബുലൻസിൽ തട്ടിക്കൊണ്ടുപോയി കാൽ അടിച്ചുതകർത്തിരുന്നു. സ്വർണക്കടത്തുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അർജുൻ ആയങ്കിയെ ചോദ്യംചെയ്യുന്നതോടെ കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നോയെന്ന് അറിയാൻ കഴിയും. അദ്ദേഹത്തിന്റെ ഫോൺകോളും ടവർലോക്കേഷനും പരിശോധിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.ദുബായ് കേന്ദ്രീകരിച്ചാണ് കണ്ണൂർ വിമാനത്താവളംവഴി കൂടുതലും സ്വർണം കടത്തുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷംവരെ പിടിയിലായവരിലേറെയും കാസർകോട് സ്വദേശികളാണെങ്കിലും ഇപ്പോൾ കണ്ണൂർ, കൂത്തുപറമ്പ്, നാദാപുരംഭാഗത്തുനിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ജൂലായ് 12-നാണ് ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്തത്. 1.15 കോടി രൂപ വിലവരുന്ന രണ്ടരക്കിലോ സ്വർണം ഒരാളിൽനിന്നുമാത്രം പിടിച്ചു. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ കാസർകോട് സ്വദേശിയിൽനിന്നാണിത്. പിന്നീട് മാഹി പന്തക്കൽ സ്വദേശിയുടെ പക്കൽനിന്ന് കുഴമ്പുരൂപത്തിലുള്ള 1120 ഗ്രാം സ്വർണം പിടിച്ചു.കണ്ണൂരിൽ ഇതുവരെ 200-ലധികം പേർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന്റെ കൈവശമുണ്ട്. 2020-ൽ ഏകദേശം 21.35 കോടി രൂപ വിലവരുന്ന 45 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. 2021 മേയ് വരെ 11.35 കോടിരൂപയുടെ 26 കിലോ സ്വർണവും. 2019-ൽ ഏഴുകോടിരൂപയുടെ 21 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസിനുപുറമേ ഡി.ആർ.ഐ.യും 15 കിലോയിലധികം സ്വർണം പിടിച്ചെടുത്തു. ലോക്ഡൗൺ കാലത്തുമാത്രം 33 കോടി രൂപയുടെ സ്വർണം പിടിച്ചു. പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷംപേരും കാരിയർമാരാണ്. ഇവർക്ക് സ്വർണത്തിന്റെ അളവനുസരിച്ച് 10,000 മുതൽ ഒരു ലക്ഷം രൂപവരെയാണ് പ്രതിഫലം. കടത്തുസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം കാരണം മുൻകൂട്ടി ഒറ്റിക്കൊടുക്കുന്നതാണ് പലരും പിടിയിലാവാൻ കാരണം.


from mathrubhumi.latestnews.rssfeed https://ift.tt/3h2lzi6
via IFTTT