Breaking

Saturday, June 26, 2021

ഒറ്റപ്പെട്ട് ജോസഫൈൻ; രാജി ഉറപ്പിച്ച് പാർട്ടി

തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാകമ്മിഷൻ അധ്യക്ഷയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ എം.സി. ജോസഫൈൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പൂർണമായി ഒറ്റപ്പെട്ടു. ഒരാൾപോലും അവരെ പിന്തുണച്ചില്ല. സംസാരിച്ചവരെല്ലാം പൂർണമായി തള്ളിപ്പറഞ്ഞു. പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രതികരണമെന്ന കുറ്റപത്രമായിരുന്നു എല്ലാവരും നൽകിയത്. തന്റെ സമ്മർദം നിറഞ്ഞ മാനസികാവസ്ഥയിലുള്ള ഒരു പ്രതികരണമായിരുന്നു സംഭവിച്ചതെന്ന് അവർ ഏറ്റുപറഞ്ഞു. പക്ഷേ, രാജിവേണമെന്നായിരുന്നു യോഗത്തിന്റെ തീർപ്പ്. കൂടുതലൊന്നുംപറയാതെ അവർ അത് അംഗീകരിക്കുകയും ചെയ്തു. ജോസഫൈന്റെ പരാമർശം ഇടത് അനുകൂലികളിലടക്കം പ്രതിഷേധം ഉയർന്നതോടെ, അവരുടെ പടിയിറക്കം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമെല്ലാം നേരത്തേ ഉറപ്പിച്ചതായിരുന്നു. പറഞ്ഞ കാര്യങ്ങൾ ന്യായീകരിക്കാൻ അവർ നടത്തിയ ശ്രമത്തിൽ കോടിയേരി നേരിട്ടുവിളിച്ച് അതൃപ്തി അറിയിച്ചു. കോടിയേരിയുടെ നിർദേശം അനുസരിച്ചാണ് അവർ ഖേദപ്രകടനം നടത്തിയതെന്നാണ് സൂചന. സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി തുടങ്ങിയവരെല്ലാം അനുചിതമായ പെരുമാറ്റമായിപ്പോയെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കാര്യമായി ഒന്നുംപറഞ്ഞില്ല. ഭർത്തൃപീഡനം, അതേത്തുടർന്നുള്ള മൂന്നുപെൺകുട്ടികളുടെ മരണം, സ്ത്രീധനരീതിക്കെതിരേ സമൂഹത്തിലുയരുന്ന പ്രതിഷേധം എന്നിവയുടെയെല്ലാം പശ്ചാത്തലത്തിൽ ജോസഫൈന് പറ്റിയത് വെറുമൊരു പിഴവായികാണുന്നത് രാഷ്ട്രീയപരമായ വീഴ്ചയാകുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. സർക്കാരിനുള്ള ജനപിന്തുണ ഏതുവിധേനയും ഇടിച്ചുകാണിക്കാനുള്ള പ്രതിപക്ഷശ്രമം നടക്കുന്നതിനാൽ തിരുത്തൽനടപടി സർക്കാരിനും പാർട്ടിക്കും അനിവാര്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതാണ് ജോസഫൈന്റെ രാജിക്കൊപ്പം, 'സ്ത്രീപക്ഷ കേരളം' എന്ന പ്രചാരണപരിപാടി ആസൂത്രണത്തിലേക്കും എത്തിയത്. ഭരണത്തുടർച്ചയുണ്ടായെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ള ബോർഡ്-കോർപ്പറേഷൻ-കമ്മിഷൻ ഭരണസമിതികൾ മാറ്റണമെന്നാണ് സി.പി.എം. പൊതുവേ സ്വകരിച്ച നിലപാട്. എന്നാൽ, നിലവിലെ കാലാവധി പൂർത്തിയാകുന്നതോടെ മാറ്റാമെന്നായിരുന്നു തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നുപോയ കോൺഗ്രസിന് രാഷ്ട്രീയജീവൻ കിട്ടുന്ന ഒരവസരവും നൽകാതിരിക്കാനുള്ള കരുതലും ഈ നടപടിക്ക് പിന്നിലുണ്ട്. രാജിസന്നദ്ധത പാർട്ടി അംഗീകരിച്ചു എം.സി. ജോസഫൈൻ സാധാരണയായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പരിഹാരം കാണാൻ ഇടപെടുന്ന വ്യക്തിയാണെങ്കിലും, ഇപ്പോൾ നടത്തിയ പരാമർശം സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ല. അവർതന്നെ അത് തെറ്റാണെന്നുകണ്ട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിശോധിച്ചു. ജോസഫൈൻ സംഭവങ്ങൾ വിശദീകരിച്ചു. കമ്മിഷൻ അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധതയും അറിയിച്ചു. ഇത് പാർട്ടി അംഗീകരിച്ചു. അങ്ങനെയാണ് അവർ രാജി സമർപ്പിക്കുന്നത്.- എ. വിജയരാഘവൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി. Content Highlight: Kerala Womens Commission chief MC Josephine resigns


from mathrubhumi.latestnews.rssfeed https://ift.tt/3dfALWK
via IFTTT