Breaking

Tuesday, June 29, 2021

പോത്തുഫാമിന്റെ മറവില്‍ അനധികൃത മദ്യനിര്‍മാണം ഡി.വൈ.എഫ്.ഐ. മുന്‍ മേഖലാ സെക്രട്ടറിക്കെതിരേ കേസ്

നെന്മാറ: പോത്തുഫാമിന്റെ മറവിൽ അനധികൃത മദ്യമുണ്ടാക്കിയ കേസിൽ ഡി.വൈ.എഫ്.ഐ. മുൻ മേഖലാ സെക്രട്ടറിക്കെതിരേ കേസ്. ഡി.വൈ.എഫ്.ഐ. നെന്മാറ (രണ്ട്) മേഖലാ മുൻസെക്രട്ടറി ഉണ്ണിലാൽ (31) ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഉണ്ണിലാലുൾപ്പെടെയുള്ളവർ ഓടിരക്ഷപ്പെട്ടു. എലവഞ്ചേരി പടിഞ്ഞാറേമുറി മലയംപൊറ്റയിലെ പോത്തുഫാമിലാണ് ഞായറാഴ്ചരാത്രി എക്സൈസ് ഇൻസ്പെക്ടർ സി.ജെ. ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വ്യാജമദ്യം നിർമിക്കുന്നതിനായി സൂക്ഷിച്ച 60 ലിറ്റർ വാഷും അരലിറ്റർ ചാരായവും വാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പാത്രങ്ങളും പിടികൂടി. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഉണ്ണിലാലിന്റെ നേതൃത്വത്തിൽ പോത്തുഫാം നടത്തുന്നത്. രാത്രിയിലുൾപ്പെടെ നിരവധി വാഹനങ്ങൾ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. ഒളിവിൽപ്പോയ ഉണ്ണിലാലിനെയും മറ്റുപ്രതികളെയും പിടിക്കാൻ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ സി.ജെ. ഫ്രാൻസിസ് പറഞ്ഞു. നെന്മാറ പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഉണ്ണിലാൽ. ഉണ്ണിലാലിനെ ജനുവരിയിൽ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയെന്ന് ഡി.വൈ.എഫ്.ഐ. സംഘടനയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തുകവഴി നിരവധി കേസുകളിൽ ഉൾപ്പെട്ടതിനാൽ കഴിഞ്ഞ ജനുവരിയിൽ മേഖലാ കമ്മിറ്റിയിൽനിന്നും മേഖലാ സെക്രട്ടറിസ്ഥാനത്തുനിന്നും ഉണ്ണിലാലിനെ നീക്കിയിരുന്നതായി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.എം. ശശി പറഞ്ഞു. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തിട്ടില്ലാത്തതിനാൽ ഡി.വൈ.എഫ്.ഐ. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.ജി. അജിത്കുമാറിന് പകരം ചുമതല നൽകിയിരിക്കയാണ്. ഉണ്ണിലാലിന് നിലവിൽ സംഘടനയുമായി ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം, മേഖലാ സെക്രട്ടറിയുടെ ചുമതല നൽകിയ ടി.ജി. അജിത്കുമാർ സംഘടനയിലെ അംഗത്വത്തിനുള്ള പ്രായപരിധിയായ 40 വയസ്സ് പിന്നിട്ട ആളാണെന്ന് ചില പ്രവർത്തകർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3hwmLJV
via IFTTT