Breaking

Wednesday, June 30, 2021

മുട്ടിൽ മരംമുറി: സസ്‌പെൻഷൻ അവധിയിലായിരുന്ന ഉദ്യോഗസ്ഥന്

കല്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ താഴേക്കിടയിലുള്ള ജീവനക്കാരെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായി ആക്ഷേപം. മരം ചെക്പോസ്റ്റ് വഴി കടത്തുമ്പോൾവേണ്ട ജാഗ്രത പുലർത്തിയില്ലെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരിലൊരാൾ സംഭവദിവസം അവധിയിൽ (ഡ്യൂട്ടി ഓഫ്) ആയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ലക്കിടി ചെക്പോസ്റ്റിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ.പി. ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ മുറിച്ച മരങ്ങൾ കടത്തിയ ഫെബ്രുവരി മൂന്നിന് ഇ.പി. ശ്രീജിത്ത് അവധിയിൽ (ഡ്യൂട്ടി ഓഫ്) ആയിരുന്നു. അവധിയിലായിരുന്ന ഉദ്യോഗസ്ഥനുനേരെ നടപടിയെടുക്കുകവഴി കേസ് ദുർബലപ്പെടുത്താനും ഉന്നതരെ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ ഉത്തരമേഖല സി.സി.എഫിന്റെ അന്വേഷണ റിപ്പോർട്ടിൽ വീഴ്ചപറ്റിയെന്നു പറയുന്ന ഉദ്യോഗസ്ഥർക്കുനേരെയോ പ്രതി റോജി അഗസ്റ്റിൻ ആരോപണം ഉന്നയിച്ച ഡി.എഫ്.ഒ.യ്ക്ക് നേരെയോ ഇതുവരെ നടപടിയുണ്ടായിട്ടില്ല. വനംവകുപ്പ് നടപടികളെടുത്തില്ലെന്ന് ആരോപണം ഉയരുന്നതിനിടെയാണ് ഈ സസ്പെൻഷൻ. മുട്ടിൽ മരംമുറിക്കേസിൽ ഉൾപ്പെട്ട 13.3 ക്യുബിക് മീറ്റർമരം യാതൊരു പരിശോധനകൾക്കും വിധേയമാക്കാതെ ചെക്പോസ്റ്റ് വഴി കടത്തിവിട്ടുവെന്നാണ് ഇരുവർക്കുംനേരെ സസ്പെൻഷൻ ഉത്തരവിൽ ആരോപിച്ചിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥർക്കാണ് ചെക്ക്പോസ്റ്റിന്റെ ചുമതല. ഒരാൾ ജോലിചെയ്യുകയും രണ്ടാമൻ ഡ്യൂട്ടി ഓഫ് എടുക്കുന്നതുമാണ് പതിവ്. അതിനാൽ ഒരുസമയം ഒരു ഉദ്യോഗസ്ഥനേ ചെക്പോസ്റ്റിൽ ഉണ്ടാവുകയുള്ളൂ. സ്പീഡ് ബ്രേക്കറുകളോ ക്രോസ് ബാറോ ഇല്ലാത്ത ചെക്പോസ്റ്റിൽ വാഹനം തടഞ്ഞുള്ള പരിശോധനകൾ പ്രായോഗികമല്ല. സസ്പെൻഷന് മുന്നോടിയായുള്ള തെളിവെടുപ്പിൽ ഉദ്യോഗസ്ഥർ ഈവിഷയങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ചതുമാണ്. എന്നാൽ സാഹചര്യങ്ങൾ പോലും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്നാണ് ആരോപണം. സി.സി.എഫി.ന്റെ അന്വേഷണറിപ്പോർട്ടിൽ വനം കൺസർവേറ്റർ എൻ.ടി. സാജൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വനംമാഫിയയ്ക്കായി വഴിവിട്ട സഹായങ്ങൾ ചെയ്തുനൽകുകയും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥർക്കുനേരെ നടപടിയെടുക്കാനും എൻ.ടി. സാജൻ ശ്രമിച്ചുവെന്നുമായിരുന്നു കണ്ടെത്തിയത്. കൂടാതെ മരംമുറിക്കേസിലെ പ്രതികൾക്കനുകൂലമായി കടത്തുപാസ് അനുവദിച്ച സെക്‌ഷൻ ഓഫീസർ, മറ്റു സഹായങ്ങൾ നൽകിയ ഫോറസ്റ്റർ, കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറിപ്പോയ റെയ്ഞ്ച് ഓഫീസർ എന്നിവർക്കും വീഴ്ചകൾ പറ്റിയെന്നും വകുപ്പുതല നടപടികൾ വരുമെന്നും സൂചനയുണ്ടായിരുന്നു. മരംമുറി വിവാദമായതോടെ ഡി.എഫ്.ഒ.യുമായുള്ള പ്രതി റോജി അഗസ്റ്റിന്റെ സംഭാഷണം പുറത്തുവരികയും റോജിയെ ഡി.എഫ്.ഒ. സഹായിച്ചുവെന്ന് അവകാശപ്പെടുകയു ചെയ്തിരുന്നു. എന്നാൽ ഇവർക്കുനേരെയൊന്നും നടപടികളെടുക്കാതെയാണ് കീഴ്ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ഇതിൽ ജീവനക്കാർക്കിടയിലും വലിയ അമർഷമുണ്ട്. സ്വാധീനമുള്ള ഉന്നതരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്‌ ജീവനക്കാരുടെ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സസ്പെൻഷനിലായ വിനീഷ് ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ്. ചെക്പോസ്റ്റിൽ റോജിയെത്തി ?മരംകടത്തിയ ഫെബ്രുവരി മൂന്നിന് രാത്രി 10 മണി കഴിഞ്ഞ് മരം കടത്തുകേസിലെ പ്രതി റോജി അഗസ്റ്റിനും മറ്റു രണ്ടുപേരുമെത്തിയതായും സൂചനകളുണ്ട്. ഡി.എഫ്.ഒ., സെക്‌ഷൻ ഉദ്യോഗസ്ഥർ, ഫ്ളൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഇവരിലാരെങ്കിലും വിളിച്ചോ എന്നന്വേഷിച്ച് 10 മണിക്കുശേഷം ഒരാൾ ചെക്പോസ്റ്റിലെത്തിയതായി സസ്പെൻഷനിലായ സെക്‌ഷൻ ഓഫീസർ പറയുന്നു. കടത്തുപാസോ മറ്റു രേഖകളോ വന്നയാൾ കൈമാറിയില്ല. മരക്കഷ്ണങ്ങൾ കൊണ്ടുപോയിട്ടുണ്ടെന്നും കടത്തുപാസുണ്ടെന്നും മാത്രം പറഞ്ഞു മടങ്ങിയെന്നും സെക്‌ഷൻ ഓഫീസർ പറഞ്ഞു. ഇതു റോജി അഗസ്റ്റിനാണെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥൻ.


from mathrubhumi.latestnews.rssfeed https://ift.tt/368Gsln
via IFTTT