Breaking

Wednesday, June 30, 2021

കോവിഡ് വർഷത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് റെക്കോഡ് ലാഭം

മുംബൈ: കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് ലാഭം സ്വന്തമാക്കി രാജ്യത്തെ ബാങ്കുകൾ. 2020-'21 സാമ്പത്തിക വർഷം സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും ബാങ്കുകളുടെ ആകെ വാർഷിക ലാഭം 1,02,252 കോടി രൂപയാണ്. 2019-'20 സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ആകെ ലാഭത്തിൽ പകുതിയും എച്ച്.ഡി.എഫ്.സി., സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടേതാണ്. എച്ച്.ഡി.എഫ്.സി. ബാങ്ക് 31,116 കോടി രൂപയുടെ ലാഭവുമായി 30 ശതമാനം വിഹിതം സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.ക്ക് 20,410 കോടി രൂപയാണ് ലാഭം. മൂന്നാമതുള്ള ഐ.സി.ഐ.സി.ഐ. ബാങ്കിന് 16,192 കോടി രൂപയും. വിപണി വിഹിതത്തിൽ സ്വകാര്യ ബാങ്കുകൾ ഇത്തവണ ഏറെ മുന്നേറിയെന്നതും പ്രത്യേകതയാണ്. ലയനം നടപ്പാക്കിയശേഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ൽനിന്ന് 12 ആയി ചുരുങ്ങിയിട്ടുണ്ട്. ഇതിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും മാത്രമാണ് ഇത്തവണ നഷ്ടം നേരിട്ടത്. 12 ബാങ്കുകളുടെയും അറ്റലാഭം 31,817 കോടി രൂപയാണ്. 2019-'20 സാമ്പത്തിക വർഷം 26,015 കോടി രൂപയുടെ സഞ്ചിത നഷ്ടം നേരിട്ട സ്ഥാനത്താണിത്. അഞ്ചു വർഷത്തിനുശേഷമാണ് പൊതുമേഖലാ ബാങ്കുകൾ ഒരു സാമ്പത്തികവർഷം അറ്റലാഭം രേഖപ്പെടുത്തുന്നത്. സ്വകാര്യ ബാങ്കുകളിൽ ഇത്തവണ നഷ്ടം രേഖപ്പെടുത്തിയത് യെസ് ബാങ്ക് മാത്രമാണ്, 3462 കോടി രൂപ. പ്രൊവിഷനിങ്ങിന് കൂടുതൽ പണം നീക്കിവെച്ചതാണ് ഇതിനു കാരണം. 2019-'20 സാമ്പത്തിക വർഷം പ്രൊവിഷനിങ്ങിന് കൂടുതൽ തുക മാറ്റിവെച്ചതാണ് പൊതുമേഖലാ ബാങ്കുകൾ നഷ്ടത്തിലാകാൻ കാരണമായത്. നാലുലക്ഷം കോടി രൂപ വരുന്ന 52 വലിയ വായ്പാ അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചത് അന്ന് തിരിച്ചടിയായി. 2020 മാർച്ചിൽ ഇതിന്റെ പ്രൊവിഷനിങ് പൂർത്തിയായി. നേരത്തേ എഴുതിത്തള്ളിയ വായ്പകളിൽ ചിലത് പാപ്പരത്ത നടപടിയിലൂടെയും മറ്റും തിരികെ അക്കൗണ്ടിൽ വന്നതും ഇത്തവണ ലാഭം ഉയരാൻ സഹായിച്ചു. സർക്കാർ കടപ്പത്രങ്ങളുടെ വിൽപ്പനയാണ് മികച്ച ലാഭത്തിനുള്ള മറ്റൊരു കാരണം. ഇത്തവണ പലിശയിനത്തിലുള്ള വരുമാനം കുറഞ്ഞെങ്കിലും സർക്കാർ കടപ്പത്രങ്ങളുടെ മൂല്യമുയർന്നത് ബാങ്കുകൾക്ക് തുണയായി. പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ മൂന്നിൽ രണ്ടും ഇത്തരത്തിലുള്ളതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3w4gHNW
via IFTTT