Breaking

Tuesday, June 29, 2021

ഉമ്മൻചാണ്ടിക്കെതിരേ വ്യാജരേഖ; ഗണേഷ്‌കുമാറിന്റെയും സരിതയുടെയും പേരിൽ കോടതി കേസെടുത്തു

കൊട്ടാരക്കര : ഉമ്മൻചാണ്ടിക്കെതിരായി വ്യാജരേഖകൾ ചമച്ചെന്ന ഹർജിയിൽ കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെയും സരിതാനായരുടെയും പേരിൽ കോടതി കേസ് രജിസ്റ്റർ ചെയ്തു. ഇരുവർക്കും സമൻസയയ്ക്കാൻ കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ ജയകുമാർ നിർദേശിച്ചു. കൊല്ലം ജില്ലാ മുൻ ഗവ. പ്ലീഡർ സുധീർ ജേക്കബ് 2017-ൽ നൽകിയ ഹർജിയിലാണ് നടപടി. സോളാർ കമ്മിഷനുമുന്നിൽ ഉമ്മൻചാണ്ടിക്കെതിരായി സരിതയുടെ പേരിൽ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ്‌കുമാറിന്റെ അറിവോടെ പ്രദീപ്, ശരണ്യ മനോജ് എന്നിവർ ഗൂഢാലോചന നടത്തി കത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. പത്തനംതിട്ട ജയിലിൽനിന്നു സരിതയെഴുതിയതെന്നപേരിൽ കമ്മിഷനുമുന്നിൽ ഹാജരാക്കിയ കത്ത്‌ കൂട്ടിച്ചേർക്കലുകൾ വരുത്തിയതാണ്. സരിത ജയിലിൽനിന്നെഴുതി അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ കൈവശംനൽകിയത് 21 പേജുള്ള കത്തായിരുന്നെന്ന് ജയിൽ രേഖകളിലുണ്ട്. എന്നാൽ കമ്മിഷനിൽ നൽകിയത് 25 പേജുള്ള കത്തും. ഇതിൽ ഉമ്മൻചാണ്ടിയെപ്പറ്റി പരാമർശമുള്ള നാലുപേജുകൾ ഗൂഢാലോചനനടത്തി എഴുതിച്ചേർത്തതാണെന്നാണ് ആരോപണം.പത്തനംതിട്ട ജയിൽ സൂപ്രണ്ട്, ഫെനി ബാലകൃഷ്ണൻ, ഉമ്മൻചാണ്ടി തുടങ്ങിയവരിൽനിന്നു മൊഴിയെടുത്തശേഷമാണ് കോടതി കേസ് രജിസ്റ്റർ ചെയ്തത്. കേസ് ജൂലായ് 30-ന് വീണ്ടും പരിഗണിക്കും. സുധീർ ജേക്കബിനുവേണ്ടി അഭിഭാഷകൻ ജോളി അലക്സ് കോടതിയിൽ ഹാജരായി.


from mathrubhumi.latestnews.rssfeed https://ift.tt/3joJn1l
via IFTTT