Breaking

Monday, June 28, 2021

ലക്ഷദ്വീപില്‍ ഓലമടല്‍ സമരം; ലക്ഷദ്വീപ് ഇന്ന് ഓല മെടയും,ഓലമടലില്‍ കിടക്കും

കൊച്ചി: ഓലമടൽകൊണ്ട് ലക്ഷദ്വീപ് തിങ്കളാഴ്ച സമരചരിത്രം കുറിക്കും. ഭരണകൂടത്തിന്റെ ജനദ്രോഹ നിയമത്തിനെതിരേയുള്ള ഓലമടൽ സമരത്തിൽ ഓലമെടഞ്ഞും അതിൽ കിടന്നും ലക്ഷദ്വീപുകാരെല്ലാം അണിചേരും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനപ്രകാരമാണ് സമരം. ഇതിനായി ദ്വീപിൽ ഓലമടൽ കൂട്ടിയിട്ടുള്ള ഒരുക്കങ്ങൾ തുടങ്ങി. രാവിലെ ഒമ്പത് മുതൽ 10 വരെയാണ് സമരം. ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് സ്വന്തം, ചവറ്് സംസ്കരണത്തിന് സംവിധാനമൊരുക്കുക, പിഴ നിർത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സമരം. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതുഇടങ്ങളിലോ കാണരുത് എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേയാണ് സമരം. ഉത്തരവുപ്രകാരം വീടിന്റെ 25 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുമുള്ള മാലിന്യവും കാണരുത്. തേങ്ങയും ചിരട്ടയുമൊക്കെ വലിച്ചെറിഞ്ഞാൽ 200 മുതൽ 5000 രൂപവരെയാണ് പിഴ. തെങ്ങുകൾ നിറഞ്ഞ ലക്ഷദ്വീപിൽ ഇത് പ്രായോഗികമല്ലെന്നാണ് ദ്വീപുജനത ഒന്നടങ്കം പറയുന്നത്. അതിനിടെ തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കവരത്തിയിലേതുൾപ്പെടെയുള്ള ദ്വീപുകളിലെ ഭൂവുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ രേഖകൾ സഹിതം ഹാജരാകണമെന്നാണ് നിർദേശം.


from mathrubhumi.latestnews.rssfeed https://ift.tt/3x02in2
via IFTTT